ജയ്പൂര്> ഉദയ്പുരില് തയ്യൽക്കടക്കാരൻ കനയ്യലാലിനെ മതവിദ്വേഷത്താല് കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്നത്. അറസ്റ്റിലായ റിയാസ് അക്തരി ഉപയോഗിച്ച ബൈക്കിന്റെ നമ്പര് ആർജെ 27 എഎസ് 2611 എന്നാണ്. 2008 പതിനൊന്നാംമാസം ഇരുപത്താറാം തീയതി സംഭവിച്ച മുംബൈ ഭീകരാക്രമണം ‘2611’ എന്ന പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അയ്യായിരം രൂപ അടച്ചാണ് ഇയാള് ഈ നമ്പര് സ്വന്തമാക്കിയതെന്ന് ആർടിഒ രേഖകൾ വ്യക്തമാക്കുന്നു. കൊലക്കുശേഷം ഗൗസ് മുഹമ്മദും റിയാസ് അക്തരിയും ഈ ബൈക്കിലാണ് രക്ഷപ്പെട്ടത്. കനയ്യലാലിന്റെ ശരീരത്തില് 26 മുറിവുകളാണ് ഉണ്ടായിരുന്നത്. 2014ൽ റിയാസ് നേപ്പാൾ സന്ദർശിച്ചെന്നും പാകിസ്ഥാനിലേക്ക് ഫോൺ വിളിച്ചെന്നും സ്ഥിരീകരിച്ചു. പ്രവാചക നിന്ദ നടത്തുന്നവരുടെ തലവെട്ടണമെന്ന് പ്രസംഗിച്ച അജ്മീർ ദർഗയിലെ പുരോഹിതൻ ഫകർ ജമാലിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 17ന് നടത്തിയ പ്രസംഗമാകാം പ്രതികൾക്ക് പ്രചോദമായതെന്ന് സംശയിക്കുന്നു. കൊല ആസൂത്രണം ചെയ്ത രണ്ടുപേരെക്കൂടിപിടികൂടി.