അഗളി> അട്ടപ്പാടിയിൽ തോക്കിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ ക്ഷേത്ര പൂജാരി അടിയേറ്റ് മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (26) ആണ് കൊല്ലപ്പെട്ടത്. സഹായി കണ്ണൂർ സ്വദേശി വിനയനെ മർദനമേറ്റ് അബോധാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അഗളി പഞ്ചായത്ത് ഭൂതിവഴി വാർഡ് ബിജെപി അംഗം മിനി ജി കുറുപ്പിന്റെ മകൻ വിപിൻ പ്രസാദ് (24), ഭൂതിവഴി സ്വദേശികളായ മാരിയെന്ന പ്രവീൺ (23), രാജീവ് (22), ചെർപ്പുളശേരി സ്വദേശി നാഫി (24), ഒറ്റപ്പാലം സ്വദേശികളായ അഷറഫ് (33), സുനിൽകുമാർ (24) എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ 11 പ്രതികൾ ഉള്ളതായാണ് സൂചന. ഒരു ലക്ഷം രൂപയ്ക്ക് കൈത്തോക്ക് വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി വിനയൻ വിപിൻപ്രസാദിൽനിന്നും പണം വാങ്ങി വഞ്ചിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. വിപിൻ പ്രസാദിന്റെ വീടിനുസമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയാണ് നന്ദകിഷോറും സഹോദരൻ ഋഷിനന്ദനും.
തോക്കിനായി വിപിനിൽനിന്നും വിനയൻ 35,000 രൂപ മുൻകൂർ വാങ്ങി. 65,000 രൂപ തിരുവനന്തപുരത്തുവച്ചും നൽകി. എന്നാൽ പണം നഷ്ടപ്പെട്ടെന്നും തോക്ക് കിട്ടിയില്ലെന്നും പറഞ്ഞതോടെ വിനയനെ പ്രതികൾ തട്ടിക്കൊണ്ടുപോയി അഗളിക്കടുത്ത് നരസിമുക്ക് ഇരട്ടക്കുളത്തുള്ള സ്വകാര്യ ഫാമിൽ രണ്ടുദിവസം തടവിൽ പാർപ്പിച്ച് മർദിച്ചവശനാക്കി. ഇതറിഞ്ഞ് വ്യാഴം രാത്രി പത്തോടെ നന്ദകിഷോറും ഋഷിനന്ദനും ഫാം ഷെഡ്ഡിൽ എത്തി. മദ്യലഹരിയിലായിരുന്ന പ്രതികൾ നന്ദകിഷോറിനെ കുറുവടി ഉപയോഗിച്ച് മർദിച്ചവശനാക്കി. വെള്ളി പുലർച്ചെ നാലോടെ ബൈക്കിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മുങ്ങി. ആശുപത്രിയിൽ എത്തുംമുമ്പ് നന്ദകിഷോർ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.