ന്യൂഡൽഹി> മഹാരാഷ്ട്രയിൽ ബിജെപിയുമായി കൈകോർത്ത് അധികാരത്തിലെത്തിയ ശിവസേനാ വിമതൻ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് നേരിടും. ഞായർ, തിങ്കൾ ദിവസങ്ങളിൽ സമ്മേളനം ചേരും. സമ്മേളനത്തിൽ ഷിൻഡെ സർക്കാർ ഭൂരിപക്ഷം തെളിയിക്കണം.
ഞായറാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് നാനാപട്ടോലെ നവംബറിൽ രാജിവച്ചതുമുതൽ പദവി ഒഴിഞ്ഞുകിടക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളാണ് സഭാനടപടി നിയന്ത്രിച്ചിരുന്നത്. ഇദ്ദേഹത്തിന് സ്ഥാനത്ത് തുടരാനാകില്ലെന്നാണ് ഷിൻഡെപക്ഷത്തിന്റെ വാദം. ബിജെപി നേതാവും കൊളാബ എംഎൽഎയുമായ രാഹുൽ നാർവേക്കർ പുതിയ സ്പീക്കറായേക്കും.
ഷിൻഡെ ഉൾപ്പെടെയുള്ള 15 വിമത എംഎൽഎമാർക്കെതിരായ അയോഗ്യതാ നടപടിയിൽ കോടതി അന്തിമ തീരുമാനമെടുക്കുന്നതുവരെ അവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവസേനാ ചീഫ്വിപ് സുനിൽപ്രഭു സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യംകോടതി തള്ളി. 11ന് മാത്രമേ ഹര്ജി പരിഗണിക്കു.