കൊച്ചി
നെറ്റ്വർക്ക് തകരാറിലായതിനെ തുടർന്ന് വ്യാഴാഴ്ച എസ്ബിഐ പണമിടപാടുകൾ മുടങ്ങി. ബാങ്കിന്റെ എല്ലാ ശാഖകളുടെയും പ്രവർത്തനം താറുമാറായി. മൊബൈൽ ബാങ്കിങ് ആപ്പായ യോനോയും എടിഎമ്മുകളും നിശ്ചലമായി. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍, യുപിഐ ഇടപാടുകള്‍ എന്നിവയും നിലച്ചു.
വിമാനത്താവളം, ഷോപ്പിങ് മാളുകൾ, റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, വിവിധ സേവനകേന്ദ്രങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയിലെ ഇടപാടുകളും പ്രതിസന്ധിയിലായി. മരുന്നുകൾ, ഭക്ഷണ, അവശ്യസാധനങ്ങൾ എന്നിവ വാങ്ങാനാകാതെ ഉപയോക്താക്കൾ ബുദ്ധിമുട്ടി. എടിഎമ്മുകളിൽ പണം കിട്ടാതായതോടെ ബാങ്ക് ശാഖകളിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല. വിവിധ ബില്ലുകൾ, ഫീസുകൾ, വായ്പ, ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ തുടങ്ങിയവ തടസ്സപ്പെട്ടതിനാൽ പലിശ, പിഴപ്പലിശ എന്നിവയിലും ഇടപാടുകാർക്ക് വലിയ നഷ്ടമുണ്ടായി.
എസ്ബിഐയുടെ സെർവർ ഹാക്ക് ചെയ്യപ്പെട്ടു എന്ന് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നതും ആശങ്കപടർത്തി.
എസ്ബിഐ ശാഖകളിൽ പകൽ ഒന്നോടെയാണ് നെറ്റ്വർക്ക് തകരാറിലായതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ബാങ്കിങ് ജോലി തീര്‍ക്കാനാകാതെ ജീവനക്കാരും കുഴങ്ങി.
തകരാർ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായി അറിയിച്ചെങ്കിലും വൈകിയും പ്രശ്നം പരിഹരിക്കപ്പെട്ടില്ല.