തിരുവനന്തപുരം
ആന്ധ്രയിലേക്കും തമിഴ്നാട്ടിലേക്കും മാത്രം നോക്കുന്നവർ കുറച്ചുസമയമെങ്കിലും കേരളത്തിലേക്ക് നോക്കി ഇവിടെയുണ്ടായ മാറ്റം കാണാൻ തയ്യാറാകണമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ധനാർഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഒന്നാമത്തെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥ കേരളത്തിലേതാണ്. കഴിഞ്ഞ നാലുമാസത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകിയ നഗരം കൊച്ചിയാണ്.
പൊതുമേഖലയുടെ ശവപ്പറമ്പായി കേരളം മാറി എന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന സ്വന്തം ഭരണകാലത്തിന്റെ ഓർമയിൽനിന്നാണ്. 41 പൊതുമേഖലാ സ്ഥാപനത്തിൽ 21 എണ്ണം ഈ വർഷം ലാഭത്തിലായി. അഞ്ച് സ്ഥാപനം ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും 10 സ്ഥാപനം ഏറ്റവും വലിയ വിറ്റുവരവും നേടി.
കേന്ദ്രം വിൽപ്പനയ്ക്കുവച്ച എച്ച്എൻഎൽ സംസ്ഥാനം ഏറ്റെടുത്തത് രാജ്യചരിത്രത്തിൽ ആദ്യമാണ്. ഇവിടെ രണ്ടു പൊതുമേഖലാ സ്ഥാപനത്തിനാണ് തുടക്കമിട്ടത്. കേരള പേപ്പർ കമ്പനിയെ (കെപിപിഎൽ) 48 മാസത്തിനുള്ളിൽ 3000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കും. കേരള റബർ ലിമിറ്റഡിനും തറക്കല്ലിട്ടു. ടാറ്റ എലക്സിയും ഐബിഎമ്മും ഗ്രാഫീൻ പാർക്കുമെല്ലാം കേരളത്തിൽ വന്നു. അസൻഡ് സംഗമത്തിൽ പ്രഖ്യാപിച്ച 151 പദ്ധതി ആരംഭിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 48,000 എംഎസ്എംഇകളാണ് പ്രവർത്തനം ആരംഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷം 17,000 എംഎസ്എംഇകൾ ആരംഭിച്ചു. ഈ വർഷം ആദ്യ ആറുമാസത്തിൽ 30,432 എംഎസ്എംഇകൾ തുടങ്ങി. സംരംഭക വർഷം പദ്ധതിയിലൂടെ ഒരു ലക്ഷം എംഎസ്എംഇകളാണ് ലക്ഷ്യമിട്ടതെങ്കിലും ഒന്നരലക്ഷമെങ്കിലും ആരംഭിക്കാനാകും. സ്വകാര്യ വ്യവസായ പാർക്കുകൾക്കായി 15 അപേക്ഷ ലഭിച്ചു. എംഎൽഎമാർ മുൻകൈയെടുത്ത് മണ്ഡലത്തിൽ ഒരു പാർക്ക് സ്ഥാപിക്കാൻ ഇടപെടണം.
കേരളം സംരംഭകർക്ക് ആവശ്യമായ എല്ലാ പ്രചോദനവും നൽകുന്ന ഇടമാണ്. ഇവിടെ വിവാദ വ്യവസായം നടത്തുന്നത് പ്രതിപക്ഷവും ചില മാധ്യമങ്ങളുമാണ്. ഈ വ്യവസായ അനുകൂലാന്തരീക്ഷം തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ, വൈദ്യുത ധനാഭ്യർഥന പാസാക്കി
തിരുവനന്തപുരം
2022– -23 വർഷത്തെ വ്യവസായ, വൈദ്യുത വകുപ്പുകളുടെ ധനാഭ്യർഥന സഭ ശബ്ദവോട്ടോടെ പാസാക്കി. ചർച്ചയിൽ സി എച്ച് കുഞ്ഞമ്പു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി ശശി, നജീബ് കാന്തപുരം, സേവ്യർ ചിറ്റിലപ്പള്ളി, ജോബ് മൈക്കിൾ, അനൂപ് ജേക്കബ്, പി വി ശ്രീനിജൻ, പി മമ്മിക്കുട്ടി, കെ കെ രമ, കെ എൻ ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, തോമസ് കെ തോമസ്, ഐ ബി സതീഷ്, കുറുക്കോളി മൊയ്തീൻ, പി ബാലചന്ദ്രൻ, കെ ബാബു നെന്മാറ, റോജി എം ജോൺ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ പി രാജീവും കെ കൃഷ്ണൻകുട്ടിയും മറുപടി പറഞ്ഞു.