ന്യൂഡൽഹി> മഹാരാഷ്ട്രയിൽ രണ്ടാഴ്ച്ചയോളം നീണ്ട രാഷ്ട്രീയ നാടകത്തിന് വിരാമം കുറിച്ച് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദം രാജിവെച്ചു. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദേശത്തിന് എതിരായ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ഉദ്ധവ്താക്കറേ രാജിവെച്ചത്. ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് ഹർജി പരിഗണിച്ച സുപ്രീംകോടതി മൂന്നരമണിക്കൂർ നീണ്ട വാദംകേൾക്കലിന് ശേഷമാണ് ഹർജി തള്ളിയത്. തുടർന്ന് 9.30യ്ക്ക് ഫേസ്ബുക്ക് ലൈവിൽ എത്തിയ ഉദ്ധവ് രാജിപ്രഖ്യാപിച്ചു.
സ്വന്തം ആളുകൾ പിന്നിൽ നിന്നും കുത്തിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വ്യാഴാഴ്ച്ച വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഉദ്ധവ് കളമൊഴിയാൻ തീരുമാനിച്ചത്. 2019 നവംബറിലാണ് ശിവസേന– എൻസിപി-കോൺഗ്രസ് (മഹാവികാസ് അഖാഡി) സഖ്യത്തിന്റെ മന്ത്രിസഭ അധികാരമേറ്റത്.
ശിവസേനാനേതാവും ഉദ്ധവിന്റെ വിശ്വസ്തനുമായിരുന്ന ഏകനാഥ്ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതഎംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി നടത്തിയ കരുനീക്കങ്ങളാണ് സർക്കാരിന്റെ പതനത്തിൽ കലാശിച്ചത്.