ലണ്ടൻ
ഇംഗ്ലണ്ട് ഏകദിന, ട്വന്റി–-20 ക്യാപ്റ്റൻ ഇയോവിൻ മോർഗൻ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുന്നു. പ്രഖ്യാപനം ഉടനുണ്ടാകും. ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പ് ചാമ്പ്യൻമാരാക്കിയ മുപ്പത്തഞ്ചുകാരൻ ഏഴരവർഷമായി നായകസ്ഥാനത്തുണ്ട്.
വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ലറാകും മോർഗന്റെ പിൻഗാമി. ടീമിനെ ഏകദിന, -ട്വന്റി–-20 വിഭാഗങ്ങളിൽ ഒന്നാംറാങ്കിൽ എത്തിക്കുകയും ചെയ്തു. 2012ലാണ് ആദ്യമായി ട്വന്റി–-20 ക്യാപ്റ്റനാകുന്നത്. 2014 മുതൽ ഏകദിന ടീമിന്റെ ചുമതലയും ഏറ്റെടുത്തു.
പരിക്കും ഫോമില്ലായ്മയുമാണ് മോർഗനെ വിരമിക്കാൻ പ്രേരിപ്പിച്ചത്. ഇരുവിഭാഗങ്ങളിലെയും ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണ്. 225 ഏകദിനത്തിൽ 6957 റണ്ണും 115 ട്വന്റി–-20യിൽ 2458 റണ്ണും നേടി. 2006ൽ അയർലൻഡിനായാണ് അരങ്ങേറ്റം. 2009ൽ ഇംഗ്ലണ്ടിലേക്ക് ചേക്കേറി.