ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യക്കുശേഷം ഇരകൾക്കുവേണ്ടി പോരാടിയവരെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിക്കാതെ കോൺഗ്രസ്. ടീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയെ സിപിഐ എം നിശിതമായി വിമർശിച്ചപ്പോൾ വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
അറസ്റ്റിനെ അപലപിക്കാൻ കോൺഗ്രസ് വക്താവ് മനു അഭിഷേക്സിങ്വി തയ്യാറായില്ല. ‘2002ലെ സംഭവവികാസങ്ങൾക്കുശേഷം വ്യാജരേഖകൾ കെട്ടിച്ചമച്ചെന്നും മറ്റും ആരോപിച്ചാണ് ടീസ്ത ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് അറിയുന്നു. കഴിഞ്ഞദിവസമാണ് ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. നിയമപ്രകാരമുള്ള നടപടികൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’–- എന്നായിരുന്നു അഭിഷേക്സിങ്വി ദേശീയമാധ്യമത്തിനു നൽകിയ പ്രതികരണം. അതേസമയം, സോണിയ ഗാന്ധിയുടെ നിർദേശാനുസരണമാണ് ടീസ്ത വ്യാജരേഖകൾ ചമച്ചതെന്ന ബിജെപിയുടെ ആരോപണം അസംബന്ധമാണെന്ന് വിമർശിക്കാൻ വക്താവ് മറന്നില്ല.
സാകിയാ ജാഫ്രിയുടെ ഹർജി രൂക്ഷവിമർശങ്ങളോടെ തള്ളിയ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്നായിരുന്നു ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ‘ഇനി മറ്റ് വഴികൾ ഒന്നുമില്ല. വിധി അംഗീകരിക്കുന്നു’–- കോൺഗ്രസ് നേതാവ് അർജുൻമോത്ത്വാഡിയ പറഞ്ഞു.