ന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്ക് നീതി ലഭിക്കാൻ നിശ്ചയദാർഢ്യത്തോടെ പൊരുതിയ ടീസ്താ സെതൽവാദിനെ അറസ്റ്റ് ചെയ്ത നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. വർഗീയസംഘർഷങ്ങൾ നടന്ന സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരിന് അതിലുള്ള പങ്ക് ചോദ്യംചെയ്യാൻ ആരും ധൈര്യപ്പെടരുതെന്ന ഭീഷണിയാണ് ടീസ്തയുടെ അറസ്റ്റ്.
ജനാധിപത്യവിശ്വാസികളായ പൗരൻമാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടിയാണിത്. അറസ്റ്റിന് വഴിയൊരുക്കിയത് സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ സംശയകരമായ ഉത്തരവാണ്. ‘നിയമനടപടികൾ ദുരുപയോഗം ചെയ്ത എല്ലാവരെയും വിചാരണ ചെയ്യണം. നിയമനാസുതൃമായ നടപടികൾ സ്വീകരിക്കണം’ എന്ന സുപ്രീംകോടതി ഉത്തരവിലെ നിരീക്ഷണമാണ് ടീസ്തയുടെ അറസ്റ്റിന് കാരണമായത്. കോടതി ഉത്തരവ് അനുസരിച്ച് രൂപീകരിച്ച പ്രത്യേകഅന്വേഷണസംഘത്തിന്റെ (എസ്ഐടി) നടപടികൾ ചോദ്യം ചെയ്ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ അവർക്ക് എതിരെ ‘നിയമനടപടികൾ ദുരുപയോഗം ചെയ്തു’ എന്ന കുറ്റം ചുമത്താവുന്ന സാഹചര്യമാണ് സുപ്രീംകോടതി ഉത്തരവിലൂടെ ഉണ്ടായിട്ടുള്ളത്.
16 വർഷത്തിലധികം നീണ്ട നിയമപോരാട്ടത്തെ ‘ഗൂഢലക്ഷ്യത്തോടെ ഈ വിഷയം ചൂടാക്കി നിർത്താനുള്ള പരിശ്രമം’ എന്നൊക്കെയാണ് കോടതി കുറ്റപ്പെടുത്തിയത്. അസാധാരണമായ രീതിയിലുള്ള അപമാനകരമായ പരാമർശങ്ങളാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
സമുദായങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കിയതിന് ഐപിസി പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് എസ്ഐടിയോട് കേസിൽ നിയമസഹായത്തിനായി സുപ്രീംകോടതി ചുമതലപ്പെടുത്തിയ അമിക്കസ്ക്യൂറി ശുപാർശ ചെയ്തിരുന്നു. 2004 ഏപ്രിലിൽ സുപ്രീംകോടതി തന്നെയാണ് അന്ന് ഗുജറാത്ത് സർക്കാരിനെ നയിച്ചിരുന്ന നേതാക്കൾ ‘ആധുനിക നീറോ ചക്രവർത്തിമാരെ’ പോലെയാണ് പ്രവർത്തിക്കുന്നുേവെന്ന് വിമർശിച്ചത്.
എന്നാൽ, സുപ്രീംകോടതി മൂന്നംഗബെഞ്ചിന്റെ പുതിയ വിധി അക്കാര്യങ്ങൾ ഒന്നും പരിഗണിച്ചിട്ടില്ല. പകരം, നിയമസംവിധാനത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന ടീസ്തയെ പോലെയുള്ളവരെ ശിക്ഷിച്ചു. തിരുത്തൽ ഹർജിക്ക് എല്ലാ സാധ്യതയുമുള്ള ഉത്തരവാണിതെന്ന കാര്യത്തിൽ സംശയമില്ല. ടീസ്ത, ആർ ബി ശ്രീകുമാർ തുടങ്ങിയവർക്ക് എതിരായ കേസുകൾ പിൻവലിച്ച് അവരെ ഉടൻ മോചിപ്പിക്കണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.