അബുദാബി> തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി യുഎഇ. ദുരിതബാധിതർക്കായി 30 ടൺ അടിയന്തര ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ വിമാനം യുഎഇ അഫ്ഗാനിലേക്കയച്ചു. ദുരിത ബാധിതർക്ക് ആശ്വാസമേകാൻ എയർ ബ്രിഡ്ജ് പ്രവർത്തിപ്പിക്കാനുള്ള പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശത്തിന് അനുസൃതമായാണ് നടപടി.
ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്സ് റെഡ് ക്രസന്റും വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണവും ഏകോപിപ്പിച്ചാണ് സഹായ പദ്ധതികൾ നടപ്പിലാക്കുന്നത്. ബുധനാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,500 പേർ കൊല്ലപ്പെടുകയും 2,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.