ന്യൂഡൽഹി> യുപിയിലെ രണ്ട് ലോക്സഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി സമാജ്വാദി പാർട്ടിയ്ക്ക് (എസ്പി) മുന്നേറ്റം. അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
പഞ്ചാബിലെ എഎപിയുടെ സിറ്റിങ് സീറ്റായ സംഗ്രൂരിൽ ശിരോമണി അകാലിദൾ ആണ് മുന്നേറുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ ഉപതെരഞ്ഞെടുപ്പിന് മുറമെ വിവിധ നിയമസഭകളിലെ 7 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും പുരോഗമിക്കുകയാണ്.
ത്രിപുരയിലെ അഗർത്തല, ജുബരാജ് നഗർ, സുർമ, ടൗൺ ബർദോവാലി തുടങ്ങിയ നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെ രജീന്ദർ നഗർ, ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലെ മന്ദർ, ആന്ധ്രാപ്രദേശിലെ ആത്മകുരു എന്നിവയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് മണ്ഡലങ്ങൾ.