ന്യൂഡല്‍ഹി> നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലുദിവസമായി 40 മണിക്കൂര്‍ ചോദ്യംചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ചൊവ്വാഴ്ച വീണ്ടും ഹാജരാകന്‍ നിര്‍ദേശിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാലാംദിനമായ തിങ്കളാഴ്ച പകല്‍ പതിനൊന്നോടെ ഓഫീസിലെത്തിയ രാഹുലിനെ 10 മണിക്കൂര്‍ ചോദ്യംചെയ്തു.
അതിനിടെ, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തിങ്കളാഴ്ച ആശുപത്രിവിട്ടു. സോണിയയോട് 23ന് ഹാജരാകാന്‍ ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി പരിഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. സോണിയയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇഡി തുടര്‍നടപടികളിലേക്ക് കടക്കും. രാഹുലിന്റെ അറസ്റ്റുണ്ടായാല്‍ ജന്തര്‍മന്ദിറില്‍ രാപ്പകല്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് നീക്കം.
രാഹുല്‍ അറസ്റ്റിലാകുമെന്ന ആശങ്കയില്‍ തിങ്കളാഴ്ചയും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജന്തര്‍മന്ദിറില്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയില്ല. ബാരിക്കേഡുകള്‍ നിരത്തി എംപിമാരെമാത്രം കടത്തിവിട്ടു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി.
വൈകിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. പിന്നീട് മന്ത്രിമാരും എംപിമാരും അടങ്ങുന്ന ഏഴംഗ സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കളെ തല്ലിച്ചതയ്ക്കുന്ന ഡല്‍ഹി പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും നിവേദനം നല്കി.