ആലപ്പുഴ> ഈ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്തുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ പി പി ചിത്തരജ്ഞന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സെപ്റ്റബര്‍ 11ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ 10ന് മറ്റ് വള്ളംകളികള്‍ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്.
ഈ തീയതി ടൂറിസം വകുപ്പ് അംഗീകരിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പിപി ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇടവളേയ്ക്കു ശേഷം നടക്കുന്ന വള്ളം കളി മുന്‍കാലങ്ങളിലേതുപോലെ വിപുലമായി സംഘടിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നെഹ്രു ട്രോഫി വള്ളംകളിക്കൊപ്പം ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി വള്ളം കളിയുടെ ആദ്യ മത്സരവും നടക്കും. എച്ച്. സലാം എംഎല്‍എ, മുന്‍.എംഎല്‍എമാരായ സികെ. സദാശിവന്, കെകെ. ഷാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി. രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സൗമ്യ രാജ്, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ, സബ് കളക്ടര്‍ സൂരജ് ഷാജി, എഡിഎം. എസ് സന്തോഷ് കുമാര്‍, വള്ളം ഉടമകളുടെയും ബോട്ട് ക്ലബ്ബുകുടെയും സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2019 ഓഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്റു ട്രോഫി വള്ളം കളി നടന്നത്. 2020ലും 2021ലും കോവിഡ് സാഹചര്യത്തില്‍ സംഘടിപ്പിച്ചിരുന്നില്ല.