ന്യൂഡൽഹി> അഗ്നിപഥ് പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പാർലമെന്റ് മാർച്ചിൽ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭാംഗവുമായ എ എ റഹീമിനെ അനധികൃതമായി തടവിലിട്ടത് പതിനൊന്ന് മണിക്കൂർ. യു പി അതിർത്തിയോട് ചേർന്ന ദ്വാരക, പാർലമെന്റ് സ്ട്രീറ്റ്, മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനുകളിലായാണ് പാർലമെന്റംഗത്തിന്റെ എല്ലാഅവകാശങ്ങളും ലംഘിച്ച് റഹീമിനെ തടവിലിട്ടത്. പകൽ പതിനൊന്നരയൊടെ കസ്റ്റഡിയിലെടുത്ത എംപിയോട് രാത്രി പത്തരയോടെ നാടകീയമായി കേസൊന്നുമില്ലന്നും പോകാമെന്നും പൊലീസ് അറിയിച്ചു.
കേസെടുത്തിട്ടില്ലെങ്കിൽ എന്തിന് അന്യായമായി തടവിലിട്ടുവെന്നും പൊലീസ് വാഹനത്തിൽ തന്നെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയിയെന്നും ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകാതെ പൊലീസ് തപ്പിത്തടഞ്ഞുവെന്ന് റഹീം പ്രതികരിച്ചു. മെഡിക്കൽ പരിശോധന പൂർത്തിയാക്കി തിരിച്ച് മന്ദിർമാർഗ് സ്റ്റേഷനിൽ എത്തിച്ചതിനു പിന്നാലെ സ്റ്റേഷനിൽ സ്വന്തം താൽപ്പര്യത്തിനനുസരിച്ചാണ് ഇപ്പോൾ ഉള്ളതെന്നും കസ്ഡിയിലല്ലെന്നും പൊലീസ് റഹീമിനെ അറിയിക്കുകയായിരുന്നു. പൊലീസ് മർദ്ദനത്തിൽ ഇരു തുടകളിലും മുതുകത്തും ചവിട്ടേറ്റ എംപിയടക്കമുള്ള സമരക്കാർക്ക് പ്രതിഷേധത്തിനൊടുവിൽ രാത്രി പത്തിന് ശേഷം മാത്രമാണ് ചികിത്സ പോലും നൽകിയത്.
വൈകിട്ട് നാലരയോടെ റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും കുറ്റം ചുമത്താനാവില്ലെന്ന് വ്യക്തമായതോടെ ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് കേസെടുത്തു. പിന്നീട് അസാധാരണമായി നടപടി വൈകിപ്പിച്ചാണ് എംപിയെ അന്യായമായി തടവിലിട്ടത്. വിഷയത്തിൽ ഉടൻ രാജ്യസഭ ചെയർമാൻ അവകാശസമിതിക്കും റഹീം പരാതി നൽകും. ഇതിനു പുറമേ അന്യായമായി തടവിലിട്ട് പൗരസ്വതന്ത്ര്യം നിഷേധിച്ച ഡൽഹി പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.