ന്യൂഡല്‍ഹി> വെടിയേറ്റു മരിച്ച പഞ്ചാബി ഗായകന് സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ മൂന്ന് പ്രധാന പ്രതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 2 ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ പക്കല്‍ നിന്നും ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.മേയ് 29നായിരുന്നു സിദ്ദു മൂസെവാല ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ജീപ്പില്‍ പോകുമ്പോഴാണ് സംഘം വെടിയുതിര്‍ത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാനഡയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന് സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ജിത് സിങ് എന്ന ഗുണ്ടാനേതാവ് ഏറ്റെടുത്തിരുന്നു. 2017ല്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്തിയ ഇയാള്‍ ഇപ്പോഴും ആ രാജ്യത്ത് തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
ഫരീദ്കോട്ടില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പഴയ കേസുകളില്‍ ഗോള്‍ഡി ബ്രാറിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.