●സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം
തിരുവനന്തപുരം >
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതിയിൽ നിർമിച്ച ആദ്യ സിനിമ ‘നിഷിദ്ധോയ്ക്ക്’ വീണ്ടും നേട്ടം. താര രാമാനുജൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ അവാർഡ്സിൽ (ഒഐഎഫ്എഫ്എ) മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെയാണ് ഒഐഎഫ്എഫ്എയിലെയും പുരസ്കാരം
ഇന്ത്യയിൽ നിന്നുള്ള ചിത്രങ്ങൾക്കും ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ചലച്ചിത്ര നിർമാതാക്കൾക്കും ഇന്ത്യ പശ്ചാത്തലമാകുന്ന സിനിമകൾക്കുമായി കാനഡയിൽ നടത്തുന്ന മേളയാണ് ഒഐഎഫ്എഫ്എ. 14 ഫീച്ചർ ഫിലിമുകളും അഞ്ച് ഹ്രസ്വചിത്രങ്ങളുമാണ് ജൂൺ 14 മുതൽ 18 വരെ ഓൺലൈനായി നടന്ന മേളയിൽ പ്രദർശിപ്പിച്ചത്.
വനിതാ സംവിധായകരെ പിന്തുണയ്ക്കുന്നതിനും സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കോർപറേഷൻ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതി ആരംഭിച്ചത്. വർഷത്തിൽ രണ്ട് സിനിമകയാണ് ഇതുവഴി നിർമിക്കുന്നത്.
നവാഗതയായ ഐ ജി മിനി സംവിധാനം ചെയ്ത ഡിവോഴ്സ് ആണ് പദ്ധതിയിൽ നിർമാണം പൂർത്തിയായ മറ്റൊരു ചിത്രം. ഇത് ഓണത്തിന് മുമ്പ് തിയേറ്ററിൽ എത്തും. ഓണത്തിന് ശേഷമായിരിക്കും നിഷിദ്ധോ റിലീസ് ചെയ്യുക. സർക്കാർ രണ്ട് സിനിമകളെയും വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെ ആർ മോഹനൻ പുരസ്കാരം നിഷിദ്ധോയിലൂടെ താര രാമാനുജൻ നേടിയിരുന്നു. ചലച്ചിത്ര വികസന കോർപറേഷന്റെ സംരംഭത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന വനിതാ സംവിധായകർക്ക് ഇത് ആത്മവിശ്വാസമേകുമെന്ന് ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു.