ബംഗളൂരു
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി–20 പരമ്പരയുടെ ‘ഫെെനൽ’ ഇന്ന് ബംഗളൂരുവിൽ. രണ്ടുവീതം ജയങ്ങളുമായി ഒപ്പമാണ് ഇരുസംഘങ്ങളും. ജയിക്കുന്നവർക്ക് പരമ്പര. രണ്ട് കളി തോറ്റതിനുശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്.
ബൗളർമാരുടെ മികവിലായിരുന്നു രണ്ട് ജയവും. ബാറ്റിങ് നിരയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ബൗളർമാരുടെ മികവുകൊണ്ട് അതിനെ മറികടക്കുകയാണ് രാഹുൽ ദ്രാവിഡിന്റെ സംഘം.
ക്യാപ്റ്റൻ ഋഷഭ് പന്തിന് നാല് കളിയിലും ബാറ്റുകൊണ്ട് തിളങ്ങാനായില്ല. നാല് കളിയിൽ 57 റണ്ണാണ് പന്തിന് നേടാൻ കഴിഞ്ഞത്. പ്രഹരശേഷിയും കുറവ്. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പലപ്പോഴും പുറത്താകുന്നത്. ശ്രേയസ് അയ്യരുടെ പ്രകടനവും പോര. സ്പിന്നർമാർക്കെതിരെമാത്രമാണ് ശ്രേയസിന് എളുപ്പത്തിൽ റണ്ണടിക്കാനാകുന്നത്. പേസർമാർക്കെതിരെ പതറുന്നു.
ഓപ്പണർ ഋതുരാജ് ഗെയ്ക്ക്-വാദ് ഒരു കളിയിൽമാത്രം തിളങ്ങി. ഇഷാൻ കിഷനാണ് പരമ്പരയിലെ മികച്ച റൺവേട്ടക്കാരൻ. നാല് കളിയിൽ 191 റണ്ണടിച്ചു. മോശമല്ലാത്ത പ്രഹരശേഷിയുമുണ്ട്. അവസാന രണ്ട് കളികളിൽ ഹാർദിക് പാണ്ഡ്യയും തിളങ്ങി.
നാലാം ട്വന്റി–20യിലെ ദിനേശ് കാർത്തികിന്റെ പ്രകടനമാണ് ഇന്ത്യക്ക് ആധികാരിക ജയമൊരുക്കിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച കാർത്തിക് ഇന്ത്യയെ സുരക്ഷിത സ്കോറിൽ എത്തിക്കുകയായിരുന്നു.
ബൗളർമാരിൽ ഭുവനേശ്വർ കുമാർ, യുശ്-വേന്ദ്ര ചഹാൽ, ഹർഷൽ പട്ടേൽ എന്നിവരാണ് മികച്ച പ്രകടനം നടത്തുന്നത്. അവസാന കളിയിൽ നാല് വിക്കറ്റുമായി ആവേശ് ഖാനും തിളങ്ങി.ആദ്യ രണ്ട് കളിയിൽ ആധികാരിക പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്ക അവസാന രണ്ട് കളിയിൽ പതറി.
നാലാംമത്സരത്തിൽ 87 റണ്ണിനാണ് കൂടാരം കയറിയത്. ബാറ്റർമാരിൽ ആർക്കും സ്ഥിരത പുലർത്താനാകുന്നില്ല. രാജ്കോട്ടിൽ പരിക്കുകാരണം കളി പൂർത്തിയാകാതെ മടങ്ങിയ ടെംബ ബവുമ തിരിച്ചെത്തിയേക്കും. കളിച്ചില്ലെങ്കിൽ റീസ ഹെൻഡ്രിക്സായിരിക്കും ഇറങ്ങുക. ബൗളിങ് നിരയിൽ മാറ്റമുണ്ടാകും. കഗീസോ റബാദയും വെയ്ൻ പാർണെലും തിരിച്ചെത്തും. ടബ്രിയാസ് ഷംസിയും മാർകോ ജാൻസെണും പുറത്തിരിക്കും.ബംഗളൂരുവിൽ മഴ ഭീഷണിയുണ്ട്. ടോസ് നിർണായകമാകും. നാലുതവണയും ടോസ് ബവുമയ്ക്കായിരുന്നു.