ബംഗളൂരു
രഞ്ജി ട്രോഫിക്കായി മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും. ഉത്തർപ്രദേശിനെതിരെ സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് 41 തവണ ചാമ്പ്യന്മാരായ മുംബൈ കടന്നത്. 47–-ാംഫൈനലിനാണ് യോഗ്യത നേടിയത്. ബംഗാളിനെ 174 റണ്ണിന് തകർത്താണ് മധ്യപ്രദേശ് 23 വർഷത്തിനുശേഷം കിരീടപ്പോരാട്ടത്തിന് എത്തുന്നത്. 1999ലാണ് അവസാനമായി ഫൈനൽ കളിച്ചത്. അന്ന് കർണാടകയോട് തോറ്റു. 22ന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
എൺപത്തേഴ് സീസണിലെ രഞ്ജി ചരിത്രത്തിൽ ഏറ്റവുംകൂടുതൽ കിരീടം ചൂടിയ ടീമാണ് മുംബൈ. സെമിയിൽ ഉത്തർപ്രദേശിനെതിരെ മികച്ച പ്രകടനമായിരുന്നു പൃഥ്വി ഷാ നയിച്ച സംഘത്തിന്റേത്. രണ്ട് ഇന്നിങ്സിലും സെഞ്ചുറി കണ്ടെത്തിയ യശസ്വി ജയ്സ്വാളാണ് (100, 181) മിന്നിയത്. സ്കോർ: മുംബൈ 393, 4–-533 ഡി., ഉത്തർപ്രദേശ് 180.
കരുത്തരായ ബംഗാളിനെ നിലംതൊടീക്കാതെയാണ് ആദിത്യ ശ്രീവാസ്തവയുടെ മധ്യപ്രദേശ് ഫൈനൽ ഉറപ്പിച്ചത്. 350 റൺ വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 175 റണ്ണിന് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തി ഇടംകൈയൻ സ്പിന്നർ കുമാർ കാർത്തികേയയാണ് മധ്യപ്രദേശിന് ജയം സമ്മാനിച്ചത്. കളിയിലാകെ എട്ട് വിക്കറ്റുണ്ട് ഈ ഇരുപത്തിനാലുകാരന്. ബംഗാൾ നിരയിൽ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ (78) മാത്രമാണ് പിടിച്ചുനിന്നത്. സ്കോർ: മധ്യപ്രദേശ് 341, 281; ബംഗാൾ 273, 175.