ന്യൂഡൽഹി
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം പ്രഖ്യാപിക്കുന്ന ‘ആശ്വാസങ്ങൾ’ കൂട്ടക്കുഴപ്പത്തിന് വഴിവെയ്ക്കും. അഗ്നിപഥ് സേവനം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് കേന്ദ്രപൊലീസ് സേനകളിലും അസം റൈഫിൾസിലും 10 ശതമാനം സംവരണം നൽകുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ഇങ്ങനെ നിയമിക്കപ്പെടുന്നവർക്ക് 21 വയസ്സ് എന്ന ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷം ഇളവ് നൽകും.
ആദ്യബാച്ചിന് അഞ്ച് വർഷത്തെ ഇളവും. തീരസംരക്ഷണസേനയിലും പ്രതിരോധസേനയുടെ 16 പൊതുമേഖല യൂണിറ്റിലും പ്രതിരോധമേഖലയിലെ സിവിൽ തസ്തികകളിലും ‘അഗ്നിവീരർക്ക്’ 10 ശതമാനം സംവരണം നൽകും. വിമുക്തഭടന്മാർക്ക് നിലവിൽ നൽകുന്ന സംവരണത്തിന് പുറമെയാണിത്.
ഈ അധികസംവരണം നിയമനങ്ങളിലുള്ള സംവരണക്രമം അട്ടിമറിക്കും. പത്തു ശതമാനം അധികസംവരണം വരുന്നത് അംഗീകരിക്കാനാകില്ലെന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ ശക്തമായി.
അഗ്നിവീരന്മാർക്ക് ഇഗ്നോ ബിരുദം എടുക്കാനാകുമെന്നായിരുന്നു ആദ്യപ്രഖ്യാപനം. പിന്നാലെയാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. മതിയായ തയ്യാറെടുപ്പും ആസൂത്രണവും ഇല്ലാതെയാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചതെന്ന് ഇതില്‍നിന്ന് വ്യക്തം.
മികച്ച യോഗ്യതയും കഴിവുമുള്ള അഗ്നിവീരന്മാർക്ക് വ്യോമയാന മേഖലയിൽ അവസരങ്ങൾ നൽകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കലാപകാരികൾക്ക് സേനകളിൽ ഇടം നൽകില്ലെന്ന് സൈനിക വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി പറഞ്ഞു.
പ്രക്ഷോഭകര്‍ കനത്ത വില നൽകേണ്ടിവരുമെന്ന് വ്യോമസേനാ മേധാവി
അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി. ആക്രമണങ്ങളിൽ പങ്കെടുക്കുന്നവർ കനത്ത വില നൽകേണ്ടിവരും. നിയമനങ്ങളിൽ അവസാന കടമ്പ പൊലീസ് ക്ലിയറൻസാണ്. അക്രമം നടത്തുന്നവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ല– വാർത്താ ചാനലിനോട് അദ്ദേഹം പറഞ്ഞു.
പുനഃപരിശോധിക്കണമെന്ന് ജെഡിയു
അഗ്നിപഥിനെതിരെ സഖ്യകക്ഷിയായ ജെഡിയു രംഗത്തുവന്നതോടെ ബിഹാറിൽ ബിജെപി പ്രതിരോധത്തിൽ. മാസങ്ങളായി ഉലഞ്ഞുനിൽക്കുന്ന ജെഡിയു–-ബിജെപി ബന്ധം ഇതോടെ കൂടുതൽ വഷളായി. യുവതലമുറയ്ക്ക് പദ്ധതിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും ജെഡിയു ദേശീയ പ്രസിഡന്റുമായ രാജീവ് രഞ്ജൻ സിങ് പറഞ്ഞു. അടിയന്തരമായി അഗ്നിപഥിൽ വീണ്ടുവിചാരം വേണമെന്നും ആവശ്യപ്പെട്ടു. പാർടി വക്താവ് നിഖിൽ മണ്ഡലും സമാന ആവശ്യമുന്നയിച്ചു.
ജാതി സെൻസസിലും ജനസംഖ്യാ നിയന്ത്രണനിയമത്തിലുമടക്കം ബിജെപിയെ ജെഡിയു വെട്ടിലാക്കിയിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ജെഡിയുവിനെ പ്രകോപിപ്പിക്കരുതെന്ന് നേതാക്കൾക്ക് ബിജെപി കേന്ദ്രനേതൃത്വം ശക്തമായ നിർദേശം നൽകി. എന്നാൽ, ബിജെപിക്ക് പിന്തുണ നൽകുമെന്ന് നിതീഷ് ഉറപ്പുനൽകിയിട്ടില്ല.
രണ്ട് ഉപമുഖ്യമന്ത്രിമാർക്കും രണ്ട് എംപിമാർക്കും എട്ട് എംഎൽഎമാർക്കുമടക്കം ബീഹാറിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.
പ്രതിഷേധത്തെ
പിന്തുണച്ച് നേതാക്കൾ
അഗ്നിപഥിനെതിരായ പ്രതിഷേധത്തിന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. പദ്ധതി പിൻവലിക്കണമെന്ന് ആംആദ്മി പാർടിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ആവശ്യപ്പെട്ടു. കേന്ദ്രം പിൻമാറണമെന്ന് ആർഎൽഡി പാർടിയും ആവശ്യപ്പെട്ടു.
അന്വേഷിക്കാൻ
പ്രത്യേക സംഘം വേണം
പ്രതിഷേധത്തിൽ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടത് അന്വേഷിക്കാൻ പ്രത്യേകസംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരി സുപ്രീംകോടതിയെ സമീപിച്ചു. ‘അഗ്നിപഥ്’ പദ്ധതി രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമോയെന്നത് പരിശോധിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.