രാജ്കോട്ട്
ആദ്യ രണ്ട് കളികളിലെ തോൽവിക്കുശേഷം ഇന്ത്യയുടെ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി–-20യിൽ 82 റണ്ണിന് ജയിച്ച് അഞ്ചുമത്സര പരമ്പരയിൽ 2–-2ന് ഒപ്പമെത്തി. ഞായറാഴ്ചയാണ് അവസാന മത്സരം. ആറാമനായി ക്രീസിലെത്തി 27 പന്തിൽ 55 റണ്ണടിച്ച ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ വിജയശിൽപ്പി. അരങ്ങേറി 15 വർഷത്തിനുശേഷം ആദ്യമായാണ് കാർത്തിക് അരസെഞ്ചുറി കണ്ടെത്തുന്നത്. രണ്ട് സിക്സറും ഒമ്പത് ഫോറും ഈ മുപ്പത്തേഴുകാരൻ പായിച്ചു. ഇന്ത്യ കുറിച്ച 170 റൺ പിന്തുടർന്ന ദക്ഷിണാഫ്രിക്ക 87ൽ അവസാനിച്ചു. പേസർ ആവേശ് ഖാൻ നാല് വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ 6–-169, ദ. ആഫ്രിക്ക 87 (16.5).
ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഋതുരാജ് ഗെയ്ക്വാദ് (5), ഇഷാൻ കിഷൻ (27), ശ്രേയസ് അയ്യർ (4) എന്നിവർ വേഗം മടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്ത് (23 പന്തിൽ 17)വീണ്ടും നിരാശപ്പെടുത്തി. 4–-81 എന്ന നിലയിൽനിന്ന് ഹാർദിക് പാണ്ഡ്യയെ (31 പന്തിൽ 46) കൂട്ടുപിടിച്ച് കാർത്തിക് നയിച്ചു.
മറുപടിയിൽ കരുത്തുറ്റ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് കളംപിടിക്കാനായില്ല. പരിക്കുകാരണം ക്യാപ്റ്റൻ ടെംബ ബവുമ (8) ബാറ്റിങ് പൂർത്തിയാക്കാതെ കളംവിട്ടത് തിരിച്ചടിയായി. മൂന്നുപേർമാത്രമാണ് രണ്ടക്കം കടന്നത്.