കോഴിക്കോട്
കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ ബഹുരാഷ്ട്ര ഐടി സേവന ദാതാക്കളായ ടാറ്റ എലെക്സി കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനമായി. ഇലക്ട്രിക് വാഹനം, കണക്റ്റഡ് കാർ, ഒടിടി, 5 ജി, ഡിജിറ്റൽ ടെക്നോളജി, ആർട്ട്ഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നവീന മേഖലകളിലാണ് ടാറ്റ എലക്സി പ്രവർത്തനം കേന്ദ്രീകരിക്കുക. മാനേജിങ് ഡയറക്ടറും സിഇഒയുമായ മനോജ് രാഘവനാണ് യുഎൽ സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ പ്രഖ്യാപനം നിർവഹിച്ചത്.
ഐടി, എൻജിനിയറിങ് മേഖലയിൽനിന്ന് തൊഴിൽ തേടിയുള്ള പ്രവാസം അവസാനിക്കുകയാണെന്ന് ചീഫ് മാർക്കറ്റിങ് ഓഫീസർ നിതിൻ പൈ പറഞ്ഞു. മസ്തിഷ്ക ചോർച്ചയെന്ന പ്രതിഭാസത്തിന്റെ നേർവിപരീതമാണ് സംഭവിക്കുന്നത്. ‘‘ഞങ്ങളുടെ ഗ്ലോബൽ റിക്രൂട്ട്മെന്റ് ഡ്രൈവിലെ 90 ശതമാനം അപേക്ഷകരും കേരളത്തിനു പുറത്തു ജോലി ചെയ്യുന്നവരാണ്. ഇതിൽ നല്ലപങ്ക് വടക്കൻ കേരളത്തിലുള്ളവരാണ്. നാടുവിട്ട അഭ്യസ്തവിദ്യർ തിരിച്ചെത്തുകയാണ്’’–- നിതിൻ പൈ പറഞ്ഞു.
കോഴിക്കോട് കേന്ദ്രം രണ്ടുവർഷത്തിനകം 1000 എൻജിനിയർമാർക്ക് നിയമനം നൽകും. ആദ്യഘട്ടത്തിൽ 500 പേർക്ക് ജോലി ചെയ്യാവുന്ന സൗകര്യമാണ് ഒരുക്കുക. ഹൈബ്രിഡ് വർക് മോഡൽ രീതിയിൽ 1000 പേർക്ക് ജോലി ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റ എലെക്സി യുഎൽ സൈബർ പാർക്കിലേക്ക് എത്തുന്നതോടെ കോഴിക്കോട് ഡിജിറ്റൽ ഡെസ്റ്റിനേഷനായി മാറുമെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ഐടിയുടെ വളർച്ച മറ്റു നഗരങ്ങളെപ്പോലെ കോഴിക്കോടിന്റെ വളർച്ചയ്ക്കും വഴിതുറക്കുമെന്ന് ഊരാളുങ്കൽ ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തൂരി പറഞ്ഞു. ടാറ്റ എലെക്സി ഹ്യൂമൻ റിസോഴ്സസ് ഹെഡ് എസ് രാജഗോപാൽ, ഊരാളുങ്കൽ സൊസൈറ്റി മാനേജിങ് ഡയറക്ടർ എസ് ഷാജു, ജനറൽ അഡ്മിനിസ്ട്രേഷൻ മാനേജർ ടി കെ കിഷോർ കുമാർ, ടാറ്റ എലെക്സി തിരുവനന്തപുരം സെന്റർ ഹെഡ് ശ്രീകുമാർ എന്നിവരും പങ്കെടുത്തു.