ന്യൂഡൽഹി
സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്നിപഥ് പദ്ധതിയോട് ഇത്രമാത്രം എതിർപ്പുയരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു. പദ്ധതി എന്തെന്ന് മനസ്സിലാക്കുമ്പോൾ വിയോജിപ്പുകൾ മാറുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധിക്കുന്നവർ ആക്രമണങ്ങളിലേക്ക് തിരിയരുത്. പദ്ധതിയുടെ പ്രാരംഭ ആസൂത്രണ സംഘത്തിൽ താനും ഉൾപ്പെട്ടിരുന്നു. ഒന്നര വർഷത്തോളം ഇതിനായി പ്രവർത്തിച്ചു. പദ്ധതി ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. പെൻഷൻ ബാധ്യത കുറയ്ക്കലല്ല ലക്ഷ്യം. യുവാക്കളിൽ ദേശീയത വളരാനും സേനയുടെ ശരാശരി പ്രായത്തിൽ കുറവുണ്ടാകാനും പദ്ധതി ഗുണം ചെയ്യും.
നിലവിലേതിനേക്കാൾ നാലിരട്ടി പേരെ റിക്രൂട്ട് ചെയ്യും. ഇതിൽ 25 ശതമാനം പേർ നാലു വർഷത്തിനുശേഷവും തുടരും. അതുകൊണ്ട് നാലുവർഷംകൊണ്ട് ഒരാൾ യുദ്ധസജ്ജനാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല–- അഡ്മിറൽ ഹരികുമാർ പറഞ്ഞു.