ന്യൂഡൽഹി
അഗ്നിപഥ് എന്ന പേരിൽ സൈന്യത്തിൽ നാലുവർഷത്തെ താൽക്കാലിക സർവീസ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മൂന്നു സേനാവിഭാഗത്തിലുമായി 45,000 പേരെയാണ് നാലുവർഷത്തേക്ക് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കുക. പതിനേഴര മുതൽ 21 വരെ പ്രായപരിധിക്കാർക്ക് അപേക്ഷിക്കാം. മൂന്നു മാസത്തിനുള്ളിൽ റിക്രൂട്ട്മെന്റ് ആരംഭിക്കും. 2023 ജൂലൈയോടെ ആദ്യ ബാച്ച് സജ്ജമാകും. അഖിലേന്ത്യാ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. അഗ്നിപഥ് പദ്ധതിപ്രകാരം നിയമിക്കപ്പെടുന്നവർ അഗ്നിവീർ എന്ന പേരിലാകും അറിയപ്പെടുക. പ്രതിരോധകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് ‘ചരിത്ര’പരമായ തീരുമാനമെടുത്തതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. മൂന്ന് സേനാ മേധാവികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നാലാംവര്‍ഷം പിരിഞ്ഞാല്‍ പെന്‍ഷനില്ല
ആറുമാസത്തെ പരിശീലനം അടക്കമാണ് നാലുവർഷത്തെ സേവനം. ബാച്ചിലെ 25 ശതമാനം പേർക്ക് ദീർഘകാല സേവനത്തിന് അവസരം നൽകും. നാലുവർഷത്തെ സേവനത്തിനുശേഷം ഒഴിഞ്ഞുപോകുന്നവർക്ക് സേവാനിധി പാക്കേജ് എന്ന പേരിൽ 11 മുതൽ 12 ലക്ഷം രൂപവരെ നൽകും. 21,000 രൂപമുതൽ 28,000 രൂപവരെയാണ് സേവന കാലയളവിൽ ശമ്പളമായി കൈയിൽ ലഭിക്കുക. നാലുവർഷം കഴിഞ്ഞ് പിരിയുന്നവർക്ക് പെൻഷനുണ്ടാകില്ല. മെഡിക്കൽ–- ഇൻഷുറൻസ് ആനുകൂല്യമുണ്ടാകും. ഡ്യൂട്ടിക്കിടെ അപകടമോ മരണമോ സംഭവിച്ചാൽ സഹായത്തിന് വ്യവസ്ഥകളുണ്ടാകും. നാവികസേനയിൽ വനിതകൾക്കും അഗ്നിപഥ് പദ്ധതിപ്രകാരം അവസരം നൽകും. കരസേനയിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവരെ പാക്, ചൈനാ അതിർത്തികളിൽ അടക്കം വിന്യസിക്കും.
വിമർശം ശക്തം
സൈന്യത്തിൽ താത്കാലിക സര്‍വീസ് നടപ്പാക്കുന്നത് സൈനികർക്കായുള്ള ശമ്പള–- പെൻഷൻ ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ട്. താൽക്കാലിക നിയമനം സൈന്യത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്ന് പ്രതിരോധ വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രത്തിന് കുലുക്കമില്ല. താൽക്കാലിക നിയമനമായതിനാല്‍ പലരും യുദ്ധസാഹചര്യങ്ങളിലും മറ്റും ദുഷ്കര ദൗത്യം ഏറ്റെടുക്കാൻ മടിക്കും. യുദ്ധമുഖത്തടക്കം സേവനം അനുഷ്ഠിക്കാൻ ഏഴു വർഷത്തെ അനുഭവസമ്പത്തെങ്കിലും അനിവാര്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.