ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് കള്ളപ്പണകേസില്‍ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിൽ തുടർച്ചയായ രണ്ടാംദിവസവും ജനം വലഞ്ഞു. രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരടക്കം മുതിർന്ന നേതാക്കൾ നേതൃത്വം നൽകിയ പ്രതിഷേധത്തിൽ ഡല്‍ഹിയിലെ പ്രധാനറോഡുകളെല്ലാം സ്തംഭിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എംപിമാർ തുടങ്ങിയവരാണ് തെരുവിലിറങ്ങിയത്. മുതിർന്ന നേതാവ് ഹരീഷ് റാവത്ത്, രൺദീപ്സിങ് സുർജെവാല തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധവും സംഘർഷവും വഴിമുടക്കിയതോടെ പൊരിവെയിലിൽ കുടുങ്ങിയ ജനം അക്ഷമരായി. രാവിലെ ഏഴുമുതൽ 12 വരെ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഗോൽഡാക്ഖാന, പട്ടേൽചൗക്ക്, വിൻസോർപാലസ്, തീൻമൂർത്തിചൗക്ക്, പൃഥ്വിരാജ് റോഡ് എന്നിവിടങ്ങളിൽ ബസുകളടക്കം നിയന്ത്രിച്ചു.
അതേസമയം, കേരളത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷാസജ്ജീകരണങ്ങളുടെ ഭാഗമായി ഗതാഗതം തടഞ്ഞെന്ന് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച കോൺഗ്രസ് രാജ്യതലസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിക്കുന്നത് മുഖ്യധാരാമാധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു. ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടിയ ജനങ്ങൾ സമൂഹമാധ്യമങ്ങളിൽ രോഷം പ്രകടിപ്പിച്ചു.