ദോഹ
ലാറ്റിനമേരിക്കൻ വമ്പന്മാരായ പെറുവിനെ തുരത്തി ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ ഏഷ്യൻ പ്രാതിനിധ്യം കൂട്ടി. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലെ കടുത്ത പോരിൽ പെനൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഓസ്ട്രേലിയയുടെ ജയം (5–4). നിശ്ചിതസമയത്തും അധികസമയത്തും ഗോൾ പിറന്നില്ല. അലക്സ് വലേറയെടുത്ത പെറുവിന്റെ അഞ്ചാംകിക്ക് തടഞ്ഞ് പകരക്കാരൻ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മയ്നെ ഓസ്ട്രേലിയയുടെ വീരനായകനായി. തുടർച്ചയായ അഞ്ചാംലോകകപ്പാണ് ഓസ്ട്രേലിയക്ക്.
മുപ്പത്തൊന്നാം ടീമായി അവർ ലോകകപ്പിനെത്തി. ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ ടീമുകൾക്കൊപ്പമാണ് ഓസ്ട്രേലിയ.
അധികസമയത്തിന്റെ അവസാന മിനിറ്റിലാണ് പ്രധാന ഗോൾകീപ്പർ മാറ്റ് റ്യാനെ മാറ്റി മൂന്നാംനമ്പർ ഗോൾ കീപ്പറായ റെഡ്മയ്നെയെ കോച്ച് ഗ്രഹാം ആർണോൾഡ് ഇറക്കിയത്. ഇതിനുമുമ്പ് നേപ്പാളിനെതിരെമാത്രമാണ് റെഡ്മയ്നെ കളിച്ചത്. എന്നാൽ, മുപ്പത്തിമൂന്നുകാരൻ എല്ലാവരെയും ഞെട്ടിച്ച് രക്ഷപ്പെടുത്തൽ നടത്തി. അവസാന കിക്ക് എടുത്ത വറേലയ്ക്ക് പിഴച്ചു. ആതിഥേയരായ ഖത്തർ ഉൾപ്പെടെ ആറ് ഏഷ്യൻ ടീമുകളാണ് ഇക്കുറി ലോകകപ്പിൽ കളിക്കുക.