തിരുവനന്തപുരം
ജനങ്ങളുടെ ആകെ ഉന്നമനം ലക്ഷ്യമിടുന്ന, കേരളത്തിന്റെ മൗലികമായ ബദൽനയത്തിന് പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവച്ച് നവകേരള വികസന ശിൽപ്പശാല. സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ച നവകേരള വികസന രേഖ സൂക്ഷ്മതലത്തിൽ ചർച്ചചെയ്ത് വിപുലമാക്കുകയാണ് ഇ എം എസ് അക്കാദമിയിൽ നടക്കുന്ന ശിൽപ്പശാല. കേന്ദ്ര അവഗണന, സംസ്ഥാനത്തിന്റെ പരിമിത അധികാരം തുടങ്ങി വികസനത്തിനുള്ള തടസ്സങ്ങളെ ബദൽനയത്തിലൂടെ നേരിട്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കലാണ് മുഖ്യലക്ഷ്യം.
ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ജനക്ഷേമ–-വികസന നയസമീപനങ്ങളെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയതിന്റെ ഫലമാണ് തുടർഭരണം. അഞ്ചുവർഷത്തെ പരിപാടികളല്ല, കാൽനൂറ്റാണ്ട് മുന്നിൽ കണ്ടുള്ള വികസന നയമാണ് ചർച്ച. അതിന്റെ അടിസ്ഥാന സമീപനമാണ് നവകേരള വികസനരേഖ. ഇത് എങ്ങനെ വിപുലമാക്കാമെന്നും പ്രായോഗികമാക്കാമെന്നും ശിൽപ്പശാല ചർച്ച ചെയ്യുന്നു. അധഃസ്ഥിതരുടെ താൽപ്പര്യത്തിന് പ്രാധാന്യം നൽകി ഓരോ ഘട്ടത്തിലും ജനജീവിതം നവീകരിക്കാനുതകുന്ന പദ്ധതികൾ വേണമെന്ന് ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് രേഖയുടെ കാതൽ. ലോകത്ത് വൈജ്ഞാനികരംഗത്തുണ്ടാകുന്ന കുതിച്ചുചാട്ടങ്ങളെ നമ്മുടെ വ്യാവസായിക, കാർഷിക, ഗവേഷണ മേഖലകളിൽ ഉപയുക്തമാക്കാൻ കഴിയണം. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കൂട്ടണം.
ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇല്ലായ്മകൾ പരിഹരിക്കാൻ ദ്രുതഗതിയിലുള്ള ശ്രമമാണ് നടക്കുന്നത്. ഉന്നതപഠനത്തിന് പ്രവേശനം ലഭിക്കുന്നവരുടെ എണ്ണം 37 ശതമാനം എന്നത് അഞ്ചുവർഷത്തിനുള്ളിൽ 50 ശതമാനമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനംതന്നെ ഏത് ദിശയിലാണ് സംസ്ഥാന വികസനം മുന്നേറുന്നതെന്ന് വ്യക്തമാക്കുന്നു. എട്ടു വിഷയത്തിൽ അവതരിപ്പിക്കുന്ന രേഖകളും ടെക്നിക്കൽ സെഷനുകളിൽ വിദഗ്ധരടക്കം നൽകുന്ന നിർദേശങ്ങളും ക്രോഡീകരിക്കും. സർക്കാരിനും സംസ്ഥാനത്തിന് പൊതുവിലും പ്രയോജനപ്പെടുംവിധം പ്രബന്ധമാക്കും.