നോട്ടിങ്ഹാം
ടെസ്റ്റ് ക്രിക്കറ്റിലെ ആവേശകരമായ പോരിൽ ഇംഗ്ലണ്ടിന് ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് ജയം. ജോണി ബെയർസ്റ്റോയുടെ (92 പന്തിൽ 136) കിടയറ്റ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ റൺകൊയ്ത്ത്.
അവസാനദിനം 299 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 50 ഓവറിലാണ് ജയം പൂർത്തിയാക്കിയത്. ഇതോടെ മൂന്നുമത്സര പരമ്പര 2–0ന് ഇംഗ്ലണ്ട് നേടി.
സ്കോർ: ന്യൂസിലൻഡ് 553, 284; ഇംഗ്ലണ്ട് 539, 5–299.
ന്യൂസിലൻഡിനെ രണ്ടാം ഇന്നിങ്സിൽ 284ന് പുറത്താക്കി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 4–93 റണ്ണെന്ന നിലയിലായിരുന്നു. ജോ റൂട്ട് മൂന്ന് റണ്ണെടുത്ത് പുറത്തായി. എന്നാൽ, തുടർന്നെത്തിയ ബെയർസ്റ്റോയും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും (70 പന്തിൽ 75) കിവി ബൗളർമാരെ നിലംതൊടീച്ചില്ല. ഏഴ് സിക്സറും 14 ഫോറുകളുമുണ്ടായിരുന്നു ബെയർസ്റ്റോയുടെ ഇന്നിങ്സിൽ. അവസാന 16 ഓവറിൽ 160 റണ്ണാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്.