തിരുവനന്തപുരം
ഇരുപത്തൊന്ന് തവണ സ്വർണം കടത്തിയ കേസിലെ പ്രതിയുടെ ‘വെളിപ്പെടുത്തലുകൾ’ക്ക് വിശ്വാസ്യത നൽകാൻ മാതൃഭൂമിയുടെ തത്രപ്പാട്. ‘സത്യം സമത്വം സ്വാതന്ത്ര്യം’ എന്നത് ആപ്തവാക്യമെന്ന് അവകാശപ്പെടുന്ന പത്രം ധാർമികതയുടെ എല്ലാ സീമയും ലംഘിച്ചാണ് സ്വപ്ന സുരേഷിന്റെ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത്. സ്വപ്ന രഹസ്യമൊഴി വെളിപ്പെടുത്തിയതുമുതൽ മുഖ്യമന്ത്രിയെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതുവരെയുള്ള വാർത്തകളിൽ മാതൃഭൂമിയുടെ അധഃപതനം വ്യക്തമാക്കുന്നു.
രഹസ്യമൊഴി സ്വപ്ന വെളിപ്പെടുത്തിയ വാർത്ത യുഡിഎഫ് ‘മുഖപത്ര’മായ മനോരമയെ വെല്ലുന്ന തരത്തിലാണ് വ്യാഖ്യാനിച്ചത്. ജൂൺ എട്ടിന് മാതൃഭൂമിയുടെ ഒന്നാം പേജിലെ പ്രധാന വാർത്ത ‘ഒരു പെട്ടി കറൻസി കടത്തി’ എന്നായിരുന്നു. മനോരമപോലും ഈ വാർത്ത ഉൾപ്പേജിലാണ് നൽകിയത്. മാതൃഭൂമിയുടെ മാന്യതയ്ക്ക് നിരക്കാത്ത സമീപനം ഈ ഒറ്റവാർത്തയിൽത്തന്നെ വായിച്ചെടുക്കാം.
സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലില്ലാത്ത കാര്യങ്ങൾക്കുപോലും അമിത പ്രാധാന്യമാണ് നൽകിയത്. സ്വപ്നയുടെ അടുപ്പക്കാരനായ ഷാജ്കിരൺ എന്ന തട്ടിപ്പുകാരന്റെ ഓഡിയോ ക്ലിപ്പും ആയുധമാക്കി. ഗർഭപാത്രം വാടകയ്ക്ക് നൽകാൻവരെ അടുപ്പമുണ്ടെന്ന് സ്വപ്ന തന്നെ സമ്മതിച്ച ഷാജ് കിരൺ രഹസ്യമൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്ന ആരോപണം ‘പ്രലോഭനം, വാഗ്ദാനം, ഭീഷണി’ എന്ന തലക്കെട്ടിലാണ് പത്രം അവതരിപ്പിച്ചത്. രഹസ്യമൊഴി പിൻവലിക്കാൻ പറ്റുമോ എന്ന സംശയംപോലും മാതൃഭൂമിക്കുണ്ടായില്ല.
മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടികളിൽ കറുത്ത മാസ്കും വസ്ത്രവും വിലക്കിയിട്ടില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ‘കറുപ്പ് പുറത്ത് ’എന്നായിരുന്നു വാർത്ത. ഇത്തരത്തിൽ വാർത്തകൾ വളച്ചൊടിച്ചും രാജ്യദ്രോഹക്കേസിലെ പ്രതിയുടെ കെട്ടുകഥകൾ ഏറ്റെടുത്തും മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയമുനയിൽ നിർത്താൻ മത്സരിക്കുകയാണ് മാതൃഭൂമി.