കട്ടക്ക്> ബരാബതി സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളെ നിരാശരാക്കി ഇന്ത്യക്ക് തോൽവി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി–-20 ക്രിക്കറ്റ് മത്സരത്തിൽ നാല് വിക്കറ്റിനാണ് കീഴടങ്ങിയത്. ബൗളർമാർക്കുപിന്നാലെ ഹെയ്ൻറിച്ച് ക്ലാസെൻ ‘ക്ലാസ് ബാറ്റിങ്ങു’മായി കളി കീശയിലാക്കി. ഈ വിക്കറ്റ് കീപ്പർ നേടിയത് 46 പന്തിൽ 81 റൺ. ഏഴ് ഫോറും അഞ്ച് സിക്സറും നിറംപകർന്ന ഇന്നിങ്സ്. അഞ്ചുമത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2–-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 6–-148, ദ.ആഫ്രിക്ക 6–-149 (18.2).
ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനുമുന്നിൽ വിറച്ച ഇന്ത്യക്ക് മികച്ച സ്കോർ നേടാനാവാത്തത് തിരിച്ചടിയായി. ടോസ് നഷ്ടപ്പെട്ട് ഇറങ്ങിയ ഇന്ത്യൻ ബാറ്റർമാർ ഒരിക്കൽപ്പോലും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയില്ല. 35 പന്തിൽ 40 റണ്ണെടുത്ത ശ്രേയസ് അയ്യരാണ് ഉയർന്ന സ്കോറർ.
ആദ്യ ഓവറിൽ പേസർ കഗീസോ റബാദ, ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിനെ (1) പുറത്താക്കിയ ഷോക്കിൽനിന്ന് ഇന്ത്യ മുക്തരായില്ല. മൂന്ന് സിക്സറും രണ്ട് ഫോറും അടിച്ച് ഇഷാൻ കിഷൻ 21 പന്തിൽ 34 റണ്ണുമായി മടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്തും (5) വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും (9) വേഗം മടങ്ങി. ഇഷാനെയും അക്സർ പട്ടേലിനെയും (10) പുറത്താക്കി പേസർ ആൻറിച്ച് നോർത്യേ ബൗളിങ് പടയ്ക്ക് നേതൃത്വം നൽകി. അവസാന ഓവറിൽ ദിനേഷ് കാർത്തിക് രണ്ട് സിക്സറടക്കം 18 റൺ നേടിയത് രക്ഷയായി. 21 പന്തിൽ 30 റണ്ണുമായി കാർത്തിക്കും ഒമ്പത് പന്തിൽ 12 റണ്ണുമായി ഹർഷൽ പട്ടേലും പുറത്താകാതെനിന്നു.
നാല് വിക്കറ്റെടുത്ത ഭുവനേശ്വർകുമാർ തുടക്കത്തിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകി. 3–-29ന് പ്രതിസന്ധിയിലായ ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റൻ ടെംബ ബവുമയും (35) വിക്കറ്റ് കീപ്പർ ഹെയ്ൻറിച്ച് ക്ലാസെനും ചേർന്ന് കരകയറ്റി. ഡേവിഡ് മില്ലറെ (20*) സാക്ഷിയാക്കി ക്ലാസെൻ അടിച്ചുതകർത്തു. യുശ്വേന്ദ്ര ചഹാൽ നാല് ഓവറിൽ വഴങ്ങിയത് 49 റൺ. ഹർഷൽ പട്ടേലിന്റെ പന്തിൽ ക്ലാസെൻ മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു.
മൂന്നാമത്തെ മത്സരം നാളെ വിശാഖപട്ടണത്ത് നടക്കും.