തിരുവനന്തപുരം
ജനവാസമേഖല പൂർണമായും ഒഴിവാക്കിയാണ് 22 വന്യജീവി സങ്കേതത്തിന്റെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതിലോല മേഖല നിശ്ചയിച്ച് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ നിലപാട് പരസ്പരവിരുദ്ധമാണെന്ന പ്രചാരണം വസ്തുതാവിരുദ്ധവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
നിർബന്ധമായും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന തീരുമാനം സംസ്ഥാന സർക്കാരെടുത്തിരുന്നില്ല. പൂജ്യം–- -ഒരു കിലോമീറ്റർ പരിസ്ഥിതിമേഖലയായി തത്വത്തിൽ നിശ്ചയിച്ച് കരടുവിജ്ഞാപനം തയ്യാറാക്കാൻ മന്ത്രിസഭായോഗ തീരുമാനപ്രകാരം 2019ലെ ഉത്തരവാകട്ടെ ഉദ്യോഗസ്ഥർക്ക് പൊതുനിർദേശം നൽകിക്കൊണ്ടുള്ളതായിരുന്നു.
അനധികൃതനിർമാണം, പുതിയ മലിനീകരണ വ്യവസായങ്ങൾ ജനവാസമേഖലകളിൽ അനിയന്ത്രിതമായ ക്വാറി തുടങ്ങിയവ നിയന്ത്രിക്കാൻ പരിസ്ഥിതിലോല മേഖലയെക്കുറിച്ച് തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം പ്രളയക്കെടുതികളോട് അനുബന്ധിച്ച് സംസ്ഥാനത്തുണ്ടായി. സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നതായി അധികാരസ്ഥാനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കേണ്ട സാഹചര്യവുമുണ്ടായി. ഇതേത്തുടർന്നാണ് ഉരുൾപൊട്ടൽ സാധ്യത ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങൾ പരിസ്ഥിതിമേഖലയിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയിൽ ശ്രദ്ധിക്കാൻ ഈ പൊതുനിർദേശം ഉത്തരവിൽ ഉൾപ്പെടുത്തിയത്. ഫീൽഡ് പരിശോധന നടത്തിയപ്പോൾ വന്യജീവി സങ്കേതങ്ങളോടു ചേർന്ന ജനവാസമേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തസാധ്യത ഇല്ലെന്നു കണ്ടെത്തി. തുടർന്ന് എല്ലാ വന്യജീവി സങ്കേതത്തിന്റെയും ദേശീയ പാർക്കുകളുടെയും ജനവാസമേഖലകൾ ഒഴിവാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നിർദേശം സമർപ്പിച്ച് കഴിഞ്ഞതോടെ ഉത്തരവിന്റെ പ്രസക്തിയും ഇല്ലാതായി.
വസ്തുത ഇതായിരിക്കെ ജനവാസമേഖല ഉൾപ്പെടുത്തി ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖല നിശ്ചയിക്കുമെന്നും ജനങ്ങൾ ഒഴിഞ്ഞുപോകേണ്ടിവരുമെന്നും കുപ്രചാരണം നടത്തി പരിഭ്രാന്തി സൃഷ്ടിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ് കേരളത്തിനു മാത്രം ബാധകമായിട്ടുള്ളതല്ല. എല്ലാ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണ്. ജനവാസമേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്തില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി നിയമനടപടികൾ ഉൾപ്പെടെ ആവശ്യമായ തുടർനടപടികളും സ്വീകരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചുനിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.















