ഇടുക്കി
പരിസ്ഥിതിലോലം, ബഫർസോൺ വിഷയത്തിൽ സുപ്രീംകോടതിവിധിക്കെതിരെയുള്ള എൽഡിഎഫ് ഹർത്താൽ ഇടുക്കിയിൽ പൂർണം. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെയും കേന്ദ്രം അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽഡിഎഫ് വെള്ളിയാഴ്ച ഹർത്താൽ ആഹ്വാനംചെയ്തത്.
മലഞ്ചരക്ക് വ്യാപാരസിരാകേന്ദ്രമായ കട്ടപ്പന, ജില്ലാ ആസ്ഥാനമായ ചെറുതോണി, നെടുങ്കണ്ടം, അടിമാലി, ശാന്തൻപാറ, ഏലപ്പാറ, കുമളി, തേക്കടി എന്നിവിടങ്ങളെല്ലാം നിശ്ചലമായി. ലോറേഞ്ചിലും ഹർത്താൽ പൂർണമായിരുന്നു. കലക്ടറേറ്റിലുൾപ്പെടെ സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ ഹാജർ കുറവായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നില്ല. കടകമ്പോളങ്ങളും തോട്ടങ്ങളും അടഞ്ഞുകിടന്നു. കെഎസ്ആർടിസിയും സ്വകാര്യവാഹനങ്ങളും ഓടിയില്ല. എൽഡിഎഫ് നേതൃത്വത്തിൽ വെളളിയാഴ്ച പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.















