ചെന്നൈ
ഇന്റർ സ്റ്റേറ്റ് മീറ്റിലെ വേഗക്കാരെ നിശ്ചയിക്കുന്ന 100 മീറ്റർ ഫൈനൽ ഇന്ന് നടക്കും. പുരുഷവിഭാഗത്തിൽ കേരളത്തിന്റെ ടി മിഫുൻ ഫൈനലിലേക്ക് യോഗ്യത നേടി. വനിതകളിൽ ആരുമില്ല. പി ഡി അഞ്ജലി, എം വി ജിൽന, എ പി ഷീൽഡ എന്നിവർ സെമിയിൽ പുറത്തായി. രാജ്യാന്തര താരങ്ങളായ ദ്യുതിചന്ദ് (ഒഡിഷ), ഹിമാദാസ് (അസം) എന്നിവർ ഫൈനലിലെത്തി.
ലോങ്ജമ്പിൽ എം ശ്രീശങ്കറും മുഹമ്മദ് അനീസും മെഡലിനായി ഇറങ്ങും.
യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ 8.01 മീറ്റർ ചാടി ഒന്നാമതെത്തി. മീറ്റ് റെക്കോഡാണ്. കോമൺവെൽത്ത് ഗെയിംസിനുള്ള യോഗ്യതാ മാർക്ക് എട്ടു മീറ്ററായിരുന്നു. 2013ൽ പ്രേംകുമാർ കുറിച്ച എട്ടു മീറ്ററാണ് മറികടന്നത്.
ആദ്യദിവസത്തെ മൂന്നിനങ്ങളിലും കേരളത്തിന് മെഡലില്ല. പുരുഷന്മാരുടെ പതിനായിരം മീറ്ററിൽ ഉത്തർപ്രദേശുകാരായ അഭിഷേക്പാലും ഗുൽവീർ സിങ്ങും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. വനിതകളിൽ രണ്ട് മെഡലും മഹാരാഷ്ട്രയ്ക്കാണ്. വനിതകളുടെ പോൾവോൾട്ടിൽ ആദ്യ മൂന്ന് സ്ഥാനവും തമിഴ്നാട് നേടി. ബറാണിക്ക ഇളങ്കോവനാണ് സ്വർണം. കേരളത്തിന്റെ മരിയ ജയ്സൺ, ദിവ്യ മോഹൻ, രേഷ്മ രവീന്ദ്രൻ എന്നിവർ നാലുമുതൽ ആറുവരെ സ്ഥാനങ്ങളിലാണ്. ഇന്ന് നടക്കുന്ന പത്തിനങ്ങളിൽ 400 മീറ്ററിൽ മെഡൽപ്രതീക്ഷയുണ്ട്. നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ് എന്നിവർക്കൊപ്പം ഡൽഹി മലയാളി അമോജ് ജേക്കബും ഫെെനലിലെത്തി.