ന്യൂഡൽഹി
ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിധത്തിൽ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സിസിപിഎ). തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമിറക്കിയാല്‍ നിർമാതാക്കൾ, പരസ്യദാതാക്കൾ, പരസ്യം പ്രചരിപ്പിക്കുന്നവർ എന്നിവർക്ക് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ സിസിപിഎ മാർഗനിർദേശമിറക്കി. നിയമലംഘനം ആവർത്തിച്ചാൽ 50 ലക്ഷം രൂപ പിഴ ചുമത്താം. ഒരു വർഷംവരെ വിലക്ക് ഏർപ്പെടുത്താനും നിര്‍ദേശമുണ്ട്.
കുട്ടികൾക്ക് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷ നൽകുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം നൽകരുത്.
ആഹാരം, പോഷകാഹാരം എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയമായ രീതിയിൽ അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള അനുമതിയില്ലാതെ പരസ്യങ്ങൾ നൽകരുത്. നിയമപരമായ ആരോഗ്യമുന്നറിയിപ്പോടെ പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള, കുട്ടികളെ ഉദ്ദേശിച്ചുള്ള ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ സിനിമ, കായിക, സംഗീത മേഖലകളിൽ പ്രവർത്തിക്കുന്നവർ പ്രത്യക്ഷപ്പെടരുത്. പരസ്യത്തിൽ അവകാശപ്പെടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് നൽകുന്നതുവഴി കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ല. പരസ്യത്തിന്റെ ഉള്ളടക്കവും ഈ മുന്നറിയിപ്പും ഒരേ ഭാഷയിൽ ആയിരിക്കണം. ഒരേ ഫോണ്ടിലും നൽകണം. 2019ലെ ഉപഭോക്തൃ സംരക്ഷണനിയമത്തിലെ 18–-ാം വകുപ്പ് പ്രകാരമാണ് മാർഗനിർദേശം ഇറക്കിയത്.
പരസ്യം പിൻവലിച്ച് പതഞ്ജലി
ഹൃദയസംബന്ധമായ രോഗങ്ങളിൽനിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന പരസ്യം തെറ്റിദ്ധരിപ്പിക്കലാണെന്ന പരാതിയെത്തുടർന്ന് പതഞ്ജലി ‘ലിപിഡോം’ മരുന്നിന്റെ പരസ്യം പിൻവലിച്ചു. മലയാളിയായ ഡോ. കെ വി ബാബു ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യക്ക്(ഡിസിജിഐ) നൽകിയ പരാതിയിലാണ് നടപടി.
ലിപിഡോം ഒരാഴ്ച സേവിച്ചാല്‍ കൊളസ്ട്രോൾ കുറയുമെന്നും ഹൃദയരോഗങ്ങൾ, രക്തസമ്മർദം, പക്ഷാഘാതം എന്നിവയിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പരസ്യത്തിൽ അവകാശപ്പെട്ടത്. ഫെബ്രുവരിയിൽ ദേശീയ മാധ്യമങ്ങളിലടക്കം വന്ന പരസ്യത്തിലെ അവകാശവാദം ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.