കൊൽക്കത്ത
ഡ്യൂട്ടിക്കിടെ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ചുറ്റും വെടിയുതിര്‍ത്തശേഷം പൊലീസുകാരൻ ജീവനൊടുക്കി. ബൈക്കില്‍ സഞ്ചരിക്കെ തലയ്ക്ക് വെടിയേറ്റ യുവതി തത്ക്ഷണം മരിച്ചു. മറ്റ് നിരവധിപേര്‍ക്ക് വെടിയേറ്റു. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമീഷണറുടെ ഓഫീസിന് മുന്നിൽ കാവൽഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളായ ചോഡപ് ലെപ്ചയാണ് നിലവിട്ട് പെരുമാറിയത്. വെള്ളിയാഴ്ച പകൽ 2.30 നാണ് സംഭവം.
ഹൗറയിലെ ദാസ് നഗർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് റിമ സിങ് (30) ആണ് കൊല്ലപ്പെട്ടത്. ഏറെ നാളായി അവധിയിലായിരുന്ന ലെപ്ച വെള്ളിയാഴ്ചയാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.
17 റൗണ്ടുവരെ വെടിയുതിര്‍ത്തശേഷം സ്വയം കഴുത്തിന് വെടിവച്ചാണ് മരിച്ചത്. ഇയാൾക്ക് വിഷാദ രോഗമുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയില്‍ പ്രതിഷേധിക്കാന്‍ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ സെവൻ-പോയിന്റ് ക്രോസിങ്ങിന് നൂറു മീറ്റർ അകലെയാണ് സംഭവം.