ന്യൂഡൽഹി> നീറ്റ് പിജി പ്രവേശനത്തിൽ 2021ലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം ആർ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. ഒന്നര വർഷത്തിന് ശേഷം കൗൺസിലിംഗ് വീണ്ടും ആരംഭിച്ചാൽ കോഴ്സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയിൽ വിട്ട് വീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക കൗൺസിലിംഗ് വേണ്ട എന്ന് കേന്ദ്രവും മെഡിക്കൽ കമ്മീഷനും തീരുമാനിച്ചുവെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടതില്ല എന്ന് കോടതി വ്യക്തമാക്കി.