തിരുവനന്തപുരം > നിർമാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞ സംഭവത്തിൽ വിജിലന്‍സ് സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് കൂടുതല്‍ വ്യക്തത തേടി. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിന്റെ തകരാറോ മാനുഷിക പിഴവുമൂലമോ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ കൃത്യമായ ഏതാണ് എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ കൂളിമാട് പാലത്തിന്റെ ബീം ചരിഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്. നിർമാണത്തിന്റെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. റിപ്പോർട്ട് വന്നതിനു ശേഷം മാത്രമാണ് പണി പുനരാരംഭിക്കേണ്ടത്.