തിരുവനന്തപുരം
സമഗ്ര നിയമഭേദഗതിയിലൂടെ സഹകരണമേഖലയുടെ പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബില്ലിന്റെ കരട് തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരണത്തിന് നോട്ടീസ് നൽകും.ബജറ്റ് പാസാക്കാനാണ് സഭാ സമ്മേളനം ചേരുന്നത്. എങ്കിലും സമയം ചോദിക്കും. കിട്ടിയാൽ ബിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടും. കഴിഞ്ഞില്ലെങ്കിൽ നിയമസഭാ സമ്മേളനത്തിനുമാത്രമായി ചേരുന്ന അടുത്ത സഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. സർക്കാർ വാർഷികത്തിന്റെ ഭാഗമായി കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സഹകരണസംഘങ്ങളെ ബാധിക്കുന്ന ആർബിഐ പരസ്യത്തിനെതിരെ ഹർജി ഫയൽ ചെയ്തു. ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ടതാണ് ഹർജി. അതിൽ സ്വാഭാവിക കാലതാമസമുണ്ടാകും. ആർബിട്രേഷൻ ഫീസ് വർധിപ്പിക്കുന്നതടക്കം ഒരു നിർദേശവും സർക്കാരിന് മുന്നിലില്ല. ചില ഫീസ് കൂട്ടണമെന്ന അഭിപ്രായംവരുന്നുണ്ട്. സഹകാരികളുമായി കൂടിയാലോചിച്ചേ നടപ്പാക്കൂ.
സഹകരണ റിസ്ക് ഫണ്ടിൽനിന്നുള്ള ധനസഹായം രണ്ടു ലക്ഷത്തിൽനിന്ന് മൂന്നുലക്ഷം രൂപയാക്കി ഉയർത്തും. നിക്ഷേപ ഗ്യാരന്റി സ്കീമിലെ നഷ്ടപരിഹാരം രണ്ടുലക്ഷമെന്നത് അഞ്ച് ലക്ഷമാക്കി ഉയർത്തും. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് 28.40 കോടി രൂപ മടക്കിനൽകി. 27 കോടിയോളം രൂപ തിരിച്ചടവുണ്ടായി. ബാക്കി നിക്ഷേപകർക്ക് തുക മടക്കിനൽകാൻ കേരള ബാങ്കിൽനിന്ന് പ്രത്യേക വായ്പ അനുവദിക്കാൻ തീരുമാനമായി. നിക്ഷേപ ഗ്യാരന്റി സ്കീമിൽനിന്ന് സഹായം ഉറപ്പാക്കുംമെന്നും മന്ത്രി പറഞ്ഞു.















