തിരുവനന്തപുരം
യുഡിഎഫും ബിജെപിയും സംയുക്തമായി നടത്തിയ ഗൂഢാലോചനയാണ് സ്വപ്നയുടെ ആരോപണങ്ങളെന്ന് കെ ടി ജലീൽ എംഎൽഎ. ജോർജും സ്വപ്നയും ഓരോ ദിവസവും പറയുന്ന നട്ടാൽക്കുരുക്കാത്ത നുണകൾ ജനം വിശ്വസിക്കില്ലെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വപ്നയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് സംഘപരിവാർ ശമ്പളംനൽകി നിർത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബമോ ഡോളർ കടത്തിയെന്ന് ഒരാളും വിശ്വസിക്കില്ല. സ്വപ്നയുടെ ആരോപണങ്ങളിൽപ്പോലും വൈരുധ്യമുണ്ട്. സ്വർണം ആർക്കുവേണ്ടി കൊണ്ടുവന്നെന്നും എവിടേക്കാണ് പോയതെന്നും ക്യാരിയർമാർ ആരെന്നതുമെല്ലാം പറയേണ്ടത് കേന്ദ്ര ഏജൻസികളാണ്. ഒന്നര വർഷമായിട്ടും ഇക്കാര്യത്തിൽ വ്യക്തതയില്ല. അത് ചെയ്യാതെ മുഖ്യമന്ത്രിയെയും കുടുംബത്തെയും സർക്കാരിനെയും തന്നെയും കരിനിഴലിൽ നിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണ ഏജൻസികൾ തന്റെ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിച്ചതാണ്. ഇനിയും സ്വാഗതം ചെയ്യുകയാണ്. അണുമണിത്തൂക്കം പങ്കാളിത്തമില്ലെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമുള്ളതാണ്.
സ്വർണക്കടത്തുകേസിലെ ഒന്നാം പ്രതിയിപ്പോൾ കാലിട്ടടിക്കുകയാണ്. യുപി രജിസ്ട്രേഷനിലുള്ള വാഹനത്തിൽ വന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു. ആര് വിട്ടതാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. താൻ നൽകിയ പരാതിയുടെ ഭാഗമായി ഇക്കാര്യവും അന്വേഷിക്കണം. ആർഎസ്എസിനും ബിജെപിക്കും കപ്പംകൊടുത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജലീൽ പറഞ്ഞു.















