തൃശൂർ
മഹിളാമന്ദിരത്തിൽ കല്യാണപ്പന്തലൊരുങ്ങി. സർക്കാരിന്റെ മകളായി വളർന്ന പാർവതിക്ക് മാംഗല്യമാണ് ഇന്ന്. അവളെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ചും മുല്ലപ്പൂ ചാർത്തിയും ഒരുക്കുകയാണ് പ്രിയപ്പെട്ടവർ. അമ്മമാരും സഹോദരിമാരും മന്ദിരത്തിലെ അന്തേവാസികൾ. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാർ ഓഫീസിൽ വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. വെള്ളിയാഴ്ച രാമവർമപുരത്തെ മഹിളാ അഗതിമന്ദിരത്തിലാണ് വിവാഹച്ചടങ്ങുകൾ.
ലാലൂർ മനയ്ക്കപ്പറമ്പിൽ റോയ്സൺ ആണ് തൃശൂർ ഗവ. മഹിളാമന്ദിരത്തിലെ അന്തേവാസി പാർവതിയെ ജീവിതസഖിയാക്കിയത്. വനിത, ശിശുവികസന വകുപ്പിന്റെയും തൃശൂർ കോർപറേഷന്റെയും കീഴിലുള്ള രാമവർമപുരം മഹിളാമന്ദിരത്തിൽ രണ്ട് വർഷം മുമ്പാണ് പാർവതി അന്തേവാസിയായി എത്തുന്നത്.
പത്താം ക്ലാസ് തുല്യതാപരീക്ഷ കഴിഞ്ഞ പാർവതി ക്ലാസിൽപോകുമ്പോൾ കണ്ട് ഇഷ്ടപ്പെട്ടതാണ് റോയ്സൺ. തുടർന്ന് വിവാഹ ആലോചനയുമായി വന്നു. വീട്ടുകാരും റോയ്സൺന്റെ ഇഷ്ടത്തിനൊപ്പം നിന്നു. ജോലിയും കുടുംബ പശ്ചാത്തലവും മനസ്സിലാക്കിയ ശേഷം വനിത, ശിശുവികസന വകുപ്പ് അധികൃതർ കല്യാണത്തിന് ഉറപ്പുനൽകി.
ആഘോഷമായാണ് കല്യാണം. അമ്മയുടെ സ്ഥാനത്തുനിന്ന് സൂപ്രണ്ട് ഉഷ കൈപിടിക്കും. കലക്ടറും എൽഎൽഎമാരുമടക്കം 700 പേർ വിവാഹ ചടങ്ങിൽ പങ്കെടുക്കും. കല്യാണച്ചെലവിനായി സർക്കാർ ഒരുലക്ഷം രൂപ നൽകിയിട്ടുണ്ട്. ബാക്കി തുക സ്പോൺസർമാർ വഴിയാണ് ലഭിച്ചത്.
എൽ ആൻഡ് ടി കൺസ്ട്രഷൻ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാരനാണ് റോയ്സൺ. പരേതനായ റപ്പായിയുടെയും റോസിയുടെയും മകനാണ്. ഐടിഐയിൽ ബ്യൂട്ടീഷൻ കോഴ്സിന് ചേരാനുള്ള ഒരുക്കത്തിലാണ് പാർവതി.