പാരിസ്
ലോക -ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള താരം പിഎസ്ജി മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയെന്ന് പഠനം. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ സിഐഇഎസ് ഫുട്ബോൾ ഒബ്സർവേറ്ററിയുടേതാണ് പഠനം.
നിലവിൽ 1700 കോടി രൂപയാണ് എംബാപ്പെയുടെ കെെമാറ്റമൂല്യം. കഴിഞ്ഞമാസമാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജിയുമായി ഫ്രഞ്ചുകാരൻ മൂന്നുവർഷത്തേക്കുകൂടി കരാർ പുതുക്കിയത്. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറാണ് രണ്ടാമത്. മാഞ്ചസ്റ്റർ സിറ്റിയിലേക്കുവരുന്ന എർലിങ് ഹാലണ്ട് മൂന്നാമതും. ബാഴ്സലോണയുടെ യുവതാരം പെഡ്രി നാലാമതുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം ആണ് അഞ്ചാമത്. ഫിൽ ഫോദെൻ (മാഞ്ചസ്റ്റർ സിറ്റി), ഫ്രെങ്കി ഡി യോങ് (ബാഴ്സലോണ), ലൂയിസ് ഡയസ് (ലിവർപൂൾ), റൂബെൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), ഫെറാൻ ടോറെസ് (ബാഴ്സലോണ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു താരങ്ങൾ.
പ്രായം ഘടകമായതിനാൽ സൂപ്പർ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പട്ടികയിൽ ഇടം കിട്ടിയില്ല.















