കൊൽക്കത്ത
എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിന് യോഗ്യത കൊതിച്ച് ഇന്ത്യ ഇന്ന് കംബോഡിയക്കെതിരെ. കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് കളി. ഗ്രൂപ്പ് ഡിയിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങുമാണ് മറ്റ് ടീമുകൾ. എല്ലാ മത്സരവും കൊൽക്കത്തയിലാണ്. ഇന്ന് വെെകിട്ട് അഞ്ചിന് ഹോങ്കോങ്ങും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം. ഇന്ത്യ, അഫ്ഗാനിസ്ഥാനുമായി 11നും ഹോങ്കോങ്ങുമായി 14നും ഏറ്റുമുട്ടും.
ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് 2023ലെ ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത കിട്ടും. ആറ് ഗ്രൂപ്പിലെ മികച്ച അഞ്ച് രണ്ടാംസ്ഥാനക്കാർക്കും യോഗ്യതയുണ്ട്. ഈ സാഹചര്യത്തിൽ യോഗ്യതാപ്രതീക്ഷയിലാണ് പരിശീലകൻ ഇഗർ സ്റ്റിമച്ചും സംഘവും.
ഇതുവരെ നാലുതവണ യോഗ്യത നേടി. 1964ൽ റണ്ണറപ്പായി. 1984, 2011, 2019 പതിപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. റാങ്കിങ് പട്ടികയിൽ 106-–ാംസ്ഥാനത്താണ് ഇന്ത്യ. മറ്റ് മൂന്ന് ടീമുകളും പിന്നിലാണ്. ഹോങ്കോങ് 147–ാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ 150–ാംസ്ഥാനത്തും കംബോഡിയ 171–ാംസ്ഥാനത്തുമാണ്. എന്നാൽ, റാങ്കിങ് പട്ടികയിലെ അന്തരത്തിൽ കാര്യമില്ലെന്നായിരുന്നു സ്റ്റിമച്ചിന്റെ പ്രതികരണം.
ജോർദാനെതിരായ സൗഹൃദമത്സരത്തിൽ രണ്ട് ഗോൾ തോൽവി വഴങ്ങിയാണ് ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതയ്ക്കെത്തിയത്. മാർച്ചിൽ ബഹ്റൈനോടും ബെലാറസിനോടും തോറ്റു.ക്യാപ്റ്റൻ സുനിൽ ഛേത്രിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും ടീമിലുണ്ട്. അതേസമയം, പ്രതിരോധതാരം രാഹുൽ ബെക്കെ പരിക്കുകാരണം കളിക്കുന്നില്ല. വിങ്ങർ ലിസ്റ്റൺ കൊളാസോക്ക് നേരിയ പരിക്കുണ്ടെങ്കിലും കളിക്കുമെന്നാണ് പ്രതീക്ഷ.
മുന്നേറ്റനിരയിലെ യുവതാരം സിയെങ് ചാന്ദിയയാണ് കംബോഡിയയുടെ പ്രധാന കളിക്കാരൻ. സോസ സുഹാനയാണ് പരിചയസമ്പത്തുള്ള കളിക്കാരൻ. ഈ വർഷം ഒരു സൗഹൃദ മത്സരംമാത്രമാണ് കംബോഡിയ കളിച്ചിട്ടുള്ളത്.