സാഗ്രെബ്
നേഷൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന്റെ കഷ്ടകാലം തുടരുന്നു. ആദ്യകളിയിൽ ഡെൻമാർക്കിനോട് തോറ്റ ലോകചാമ്പ്യൻമാരെ ക്രൊയേഷ്യ 1–-1ന് തളച്ചു. ഇതോടെ ലീഗ് എ ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തായി ഫ്രഞ്ചുപട. ഓസ്ട്രിയയെ 2–-1ന് വീഴ്ത്തി ഡെൻമാർക്ക് ഒന്നാമതെത്തി.
ആഡ്രിയൻ റാബിയറ്റിലൂടെ രണ്ടാംപകുതി മുന്നിലെത്തിയത് ഫ്രാൻസാണ്. എന്നാൽ, ആന്ദ്രെ ക്രാമറിച്ച് ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചു. പ്രധാന കളിക്കാർക്ക് വിശ്രമം നൽകിയാണ് കോച്ച് ദിദിയെർ ദെഷാം ഫ്രാൻസിനെ കളത്തിലിറക്കിയത്. കരീം ബെൻസെമ, കിലിയൻ എംബാപ്പെ, ഹ്യൂഗോ ലോറിസ് എന്നിവരൊന്നും കളിച്ചില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇരുടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. വെള്ളിയാഴ്ച ഓസ്ട്രിയക്കെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. ക്രൊയേഷ്യ ഡെൻമാർക്കിനെ നേരിടും.















