ലുസേൻ (സ്വിറ്റ്സർലൻഡ്)
ക്രിക്കറ്റിൽ ട്വന്റി 20 ഉണ്ടാക്കിയ ആവേശം ഇനി ഹോക്കിയിലും. രാജ്യാന്തര ഹോക്കി ഫെഡറേഷൻ പരീക്ഷണാടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഫൈവ്സ് ഹോക്കി വിജയകരമായി. പുരുഷവിഭാഗത്തിൽ ഇന്ത്യയും വനിതകളിൽ ഉറുഗ്വേയും ജേതാക്കളായി. ഇരുവിഭാഗത്തിലും അഞ്ച് ടീമുകളാണ് പങ്കെടുത്തത്. പുരുഷവിഭാഗം ഫൈനലിൽ പോളണ്ടിനെ 6–-4ന് തോൽപ്പിച്ചു. മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് തിരിച്ചുവരവ്.
സ്വിറ്റ്സർലൻഡിനെ 4–-3ന് തോൽപ്പിച്ച ഇന്ത്യ പാകിസ്ഥാനോട് 2–-2 സമനിലയായി. മലേഷ്യയെ 7–-3നും പോളണ്ടിനെ 6–-2നും തകർത്താണ് ഫൈനലിലെത്തിയത്.
വനിതകൾ നാലിൽ രണ്ട് കളി തോറ്റതിനാൽ ഫൈനലിലെത്തിയില്ല. ഒമാനിൽ 2024ൽ ഫൈവ്സ് ലോകകപ്പ് നടക്കും. 2014ലെ യൂത്ത് ഒളിമ്പിക്സിൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ഭാവിയിൽ കൂടുതൽ ഫൈവ്സ് ടൂർണമെന്റുകളാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
കളത്തിൽ ഗോളിയടക്കം അഞ്ച് കളിക്കാരാണ് ഉണ്ടാകുക. ഗോളി ഒഴികെയുള്ളവർക്ക് എവിടേയും കളിക്കാം. കളി ആകെ 20 മിനിറ്റ്. സാധാരണ ഹോക്കി മൈതാനത്തിന്റെ പകുതി സ്ഥലം മതി. ഏത് ഭാഗത്തുനിന്നും ഗോളടിക്കാം. പെനൽറ്റി കോർണറിനുപകരം ഷൂട്ടൗട്ടാണ്. പകരക്കാരെ ഇറക്കാൻ പരിധിയില്ല. ഹോക്കി നിയമത്തിലെ ഈ മാറ്റം കാണികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.