കൊച്ചി
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ കിടന്നത് ഒരു വർഷവും നാലു മാസവും. ഇതിനിടയിൽ കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസും എൻഐഎയും ഇഡിയുമുൾപ്പെടെ ഒരു ഡസനോളം അന്വേഷകസംഘങ്ങളുടെ ചോദ്യം ചെയ്യലും മൊഴിയെടുക്കലും. ജയിലിനു പുറത്തിറങ്ങിയിട്ട് എട്ടുമാസം. ഇക്കാലമത്രയും പറയാത്തതും പറഞ്ഞു പഴകിയതിൽ ചില ആരോപണങ്ങളും ചേർത്ത് പുതിയൊരു രഹസ്യമൊഴി.
ആർഎസ്എസ് അനുകൂല ‘സന്നദ്ധസംഘട’ന എച്ച്ആർഡിഎസിന്റെ കോർപറേറ്റ് റസ്പോൺസിബിലിറ്റി ഡയറക്ടറായ സ്വപ്നയുടെ പുതിയ മൊഴിക്കുപിന്നിലെ ബുദ്ധികേന്ദ്രം അന്വേഷിച്ച് തലപുകയേണ്ടതില്ല. സ്വപ്ന ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾസംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിലും പുതിയതൊന്നുമില്ലെന്ന നിഗമനത്തിൽ അന്വേഷണ ഏജൻസികൾ എത്തിനിൽക്കെയാണ് അടുത്ത നീക്കം. സ്വർണം, ഡോളർ കടത്തുകേസുകളിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ബന്ധിപ്പിച്ച് രണ്ടു വർഷമായി സംസ്ഥാന സർക്കാരിനെതിരെ നടത്തിയ ഒളിപ്പോര് പരാജയപ്പെട്ടപ്പോഴാണ് പുതിയ കരുനീക്കങ്ങൾ.
കണക്കില്ലാത്ത
കഥകൾ
2020 ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിലേക്കു വന്ന നയതന്ത്ര ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടിച്ച കേസിലാണ് സ്വപ്ന സുരേഷ് പിടിയിലായത്. ‘എം ശിവശങ്കറിന്റെ പേരും അതുവഴി മുഖ്യമന്ത്രിയുടെ പേരും കേസുമായി ബന്ധപ്പെടുത്തി പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം’ എന്ന് വാഗ്ദാനമുണ്ടെന്ന് സ്വപ്നയുടെ ശബ്ദരേഖ ജയിലിൽനിന്നു പുറത്തുവന്നതാണ്. തുടർന്ന് സ്വർണക്കടത്തും ഡോളർകടത്തുമായി ബന്ധപ്പെട്ട് ആറു കേസുകളിലായി സ്വപ്ന നൽകിയ മൊഴികളെന്നപേരിൽ അന്വേഷണ ഏജൻസികൾ പുറത്തുവിട്ട കഥകൾക്ക് കണക്കില്ല.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രധാന പ്രതികളിലൊരാൾ ഉന്നയിച്ച ആരോപണം എഴുതി കോടതിയിൽ സമർപ്പിച്ചു. അത് തെളിയിക്കാൻ ബാധ്യത പ്രതിക്കാണെന്ന അനുബന്ധവും കസ്റ്റംസ് എഴുതിച്ചേർത്തു. ഐടി സെക്രട്ടറിയെ ബന്ധപ്പെടുത്തുന്നതിനും രാജ്യദ്രോഹ കേസിനും തെളിവ് എവിടെയെന്നും കോടതി പലതവണ ചോദിച്ചിട്ടും ഉത്തരമില്ലാതെ ഏജൻസികൾ മുട്ടുകുത്തി.
എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പടുത്തപ്പോൾ 2021 മാർച്ച് അഞ്ചിന് സ്വപ്ന സുരേഷ് സെഷൻസ് കോടതിയിൽ നൽകിയ രഹസ്യമൊഴിയെന്നപേരിൽ മുഖ്യമന്ത്രിയെയും സ്പീക്കറെയുമൊക്കെ ചേർത്ത് കസ്റ്റംസ് കമീഷണർ ഹൈക്കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ജയിലിൽ സ്വപ്നയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ കോടതി ആവശ്യപ്പെടാതെ കൊടുത്ത ആ റിപ്പോർട്ട് നിയമസഭാ തെരഞ്ഞെടുപ്പ് ‘അട്ടിമറി’ എന്ന ഒറ്റ ലക്ഷ്യമായിരുന്നു. അതും ഫലം കണ്ടില്ല. ശിവശങ്കറിന്റെ പുസ്തകം പ്രസിദ്ധീകരിച്ചതിനുപിന്നാലെ ഇഡിയും എൻഐഎയും വീണ്ടും 2022 ജൂണിൽ സ്വപ്നയുടെ മൊഴിയെടുത്തു. അതിലും പുതുതായി ഒന്നുമില്ലെന്ന നിഗമനത്തിലായിരുന്നു ഏജൻസികൾ.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസിൽ ഡയറക്ടറായി സ്വപ്ന ചുമതലയേൽക്കുന്നു
ആർഎസ്എസിനുള്ള പ്രത്യുപകാരം
മുഖ്യമന്ത്രിക്കെതിരായ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിക്കുപിന്നിൽ ആർഎസ്എസ്. 2021 നവംബർ ആറിന് ജയിൽ മോചിതയായി രണ്ട് മാസത്തിനകമാണ് എച്ച്ആർഡിഎസ്(ഹൈ റേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) എന്ന ആർഎസ്എസ് അനൂകൂല എൻജിഒയിൽ സ്വപ്നക്ക് ഉയർന്ന ശമ്പളത്തിൽ ഡയറക്ടറായി ജോലി നൽകിയത്. ഇതിനുള്ള പ്രത്യുപകാരമാണ് പറഞ്ഞുപഴകിയ കഥകളുമായുള്ള പുതിയ രംഗപ്രവേശം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നിയമനം. കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് സൊസൈറ്റി പ്രവർത്തനം. ബിജെപിയിലേക്ക് ചേക്കേറിയ മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ എസ് കൃഷ്ണകുമാർ പ്രസിഡന്റായ എച്ച്ആർഡിഎസ് ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സംഘപരിവാർ നിയന്ത്രണത്തിലായി. ആർഎസ്എസ് സൈദ്ധാന്തികനും സംഘപരിവാർ സംഘടനകളുടെ കോ–-ഓർഡിനേറ്ററുമായ കെ ജി വേണുഗോപാലാണ് വൈസ് പ്രസിഡന്റ്. സ്ത്രീ ശാക്തീകരണ–- സിഎസ്ആർ വിഭാഗം ഡയറക്ടറാണ് സ്വപ്ന സുരേഷ്. വിദേശ സംഭാവന സ്വീകരിക്കുക, കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന് സോഷ്യൽ റെസ്പോൺസിബിൾ (സിഎസ്ആർ) ഫണ്ട് കണ്ടെത്തുക എന്നിവയാണ് മുഖ്യ ചുമതല. ബിജെപി അനുഭാവി ഗുരു ആത്മനമ്പിയാണ് ഇപ്പോൾ പ്രസിഡന്റ്. സംഘപരിവാർ ബന്ധമുള്ള അജി കൃഷ്ണനാണ് സെക്രട്ടറി.
പാലക്കാട് ചന്ദ്രനഗർ ആസ്ഥാനമായ എച്ച്ആർഡിഎസിന്റെ പ്രധാന പ്രവർത്തനമേഖല ആദിവാസി ഊരുകളാണ്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജനയിൽനിന്ന് ഫണ്ട് സംഘടിപ്പിച്ച് ആദിവാസി മേഖലകളിൽ സംഘപരിവാർ സ്വാധീനമുറപ്പിക്കുകയാണ് പണി. വർഷം 12 കോടിയോളം രൂപ ഇതുവഴി ലഭിക്കുന്നുണ്ട്. അട്ടപ്പാടിയിൽ 300 വീട് നിർമിച്ചുനൽകിയെന്നാണ് അവകാശവാദം. ഇവയിൽ ഒന്നും താമസയോഗ്യമല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ആരോപണങ്ങൾ പരമാവധി പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടും അതൊന്നും ആരും ചെവിക്കൊണ്ടിരുന്നില്ല.
സ്വർണമറവിൽ മുക്കുപണ്ടങ്ങൾ
ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ ആവർത്തിച്ചിട്ടും ജനം തള്ളിയ പച്ചനുണകൾ വീണ്ടും അവതരിപ്പിച്ച് മാധ്യമങ്ങൾ. ആർഎസ്എസിന്റെ ‘ശമ്പളം’ പറ്റി കോൺഗ്രസിന്റെ പിന്തുണയോടെ സ്വപ്ന സുരേഷ് പടച്ചുവിടുന്ന കഥകളും കള്ളങ്ങളും അപഹസിക്കുന്നത് കേരള സമൂഹത്തെയാണ്. എത്രയോ തവണ തിരിച്ചും മറിച്ചും പറഞ്ഞ കാര്യങ്ങളാണ് ചൊവ്വാഴ്ച ‘പുതിയ മൊഴി ’ എന്ന രൂപത്തിൽ പടച്ചുവിട്ടത്.
അതേസമയം, സ്വർണക്കടത്തു കേസിൽ യുഎഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ, മുൻ അഡ്മിൻ അറ്റാഷെ എന്നിവരെ ചോദ്യം ചെയ്യാൻ രണ്ട് വർഷമായിട്ടും അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മൊഴിയെങ്കിലും ശേഖരിക്കാൻ കേന്ദ്രത്തെ സമീപിച്ചെങ്കിലും അനുമതി നൽകിയിട്ടില്ല. എന്നിട്ടും സ്വപ്ന സുരേഷിനെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമം.
അറ്റാഷെ എവിടെ?
നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണക്കള്ളക്കടത്തു കേസിൽ 30 കിലോ സ്വർണം വന്നത് യുഎഇ കോൺസുലേറ്റ് അറ്റാഷെയായിരുന്ന റാഷിദ് ഖാമിസ് അലിയുടെ പേരിലായിരുന്നു. ഇയാളെയും സ്വർണം അയച്ച ഫൈസൽ ഫരീദിനെയും ഇതുവരെയും ചോദ്യംചെയ്യാൻ കസ്റ്റംസിനോ ഇഡിക്കോ കഴിഞ്ഞിട്ടില്ല. വിചാരണ വേളയിൽ സ്വർണംവന്ന അറ്റാഷെയുടെ മൊഴിയില്ലാത്തത് കേസിന്റെ നിലനിൽപ്പിനെതന്നെ ബാധിക്കും. ദുബായിൽനിന്ന് മലയാളിയായ ഫൈസൽ ഫരീദ് അറ്റാഷെയുടെ പേരിൽ ഗൃഹോപകരണങ്ങൾക്ക് ഉള്ളിൽ ഒളിപ്പിച്ച് സ്വർണം അയച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ, ഫൈസൽ ഫരീദ് ഇപ്പോഴും കാണാമറയത്താണ്.