ന്യൂഡൽഹി
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലൈസൻസുള്ള കടകളിൽനിന്ന് (ഓവർ ദ് കൗണ്ടർ –-ഒടിസി) 16 മരുന്ന് വാങ്ങാൻ അനുമതി. ഇതിനായി പാരസെറ്റമോൾ 500എംജി അടക്കമുള്ള മരുന്നുകളെ ‘ഷെഡ്യൂൾ കെ’യിൽ ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
അഞ്ചുദിവസംവരെ ചികിത്സ ആവശ്യമുള്ള മരുന്നുകൾമാത്രമേ ഇത്തരത്തിൽ വാങ്ങാകൂ. രോഗിയുടെ വിവരം നൽകണം. അഞ്ചു ദിവസംകൊണ്ട് ഭേദമായില്ലെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം. മെയ് 27ന് കരട് നിർദേശം പുറത്തിറക്കിയിരുന്നു. വൈകാതെ കൂടുതൽ മരുന്നുകൾക്കും ഇത്തരത്തിൽ അനുമതി നൽകുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഒആർഎസ് പോലുള്ളവ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്വർക്ക് സംഘടന ആശ്ചര്യം രേഖപ്പെടുത്തിയിരുന്നു.