ലഖ്നൗ
കാൺപുർ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റിൽ. യുവമോർച്ച നേതാവായ ഹർഷിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. സംഘർഷത്തിൽ 12 പേർകൂടി പിടിയിലായതായും കൂടുതൽ പേർ പിടിയിലാകുമെന്നും കാൺപുർ കമീഷണർ വിജയ് മീണ പറഞ്ഞു. ബിജെപി വക്താവ് നൂപുർ ശർമ പ്രവാചകനെതിരായി ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
ഇതിനിടെ വിദ്വേഷ പ്രസംഗം നടത്തിയ അഖിലഭാരത ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയ്ക്കെതിരെയും കേസെടുത്തു. മുസ്ലിങ്ങളുടെ വെള്ളിയാഴ്ച പ്രാർഥന നിരോധിക്കണമെന്നതുൾപ്പെടെയുള്ള പരാമർശങ്ങളിലാണ് കേസ്. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകളിലാണ് അലിഗഡ് പൊലീസ് കേസെടുതത്. 2019-ൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കുനേരെ വെടിയുതിർത്തും നാഥുറാം ഗോഡ്സെയെ പ്രകീർത്തിച്ചും ശകുൻ പാണ്ഡെ വിവാദമുണ്ടാക്കിയിരുന്നു.















