ന്യൂഡൽഹി > തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്നും അതിന്റെ മേൻമ കളയാൻ ആരും ശ്രമിക്കരുതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ലീഡർതർക്കം’ ആർക്കും ഗുണം ചെയ്യില്ലെന്നും അനാവശ്യ വിവാദങ്ങൾക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ മാത്രം പ്രശംസിച്ച് ഒരുവിഭാഗം രംഗത്തെത്തിയതിലുള്ള അതൃപ്തിയാണ് രമേശ്ചെന്നിത്തല പ്രകടിപ്പിച്ചത്. സതീശനെ ‘ലീഡർ’ എന്ന് വിശേഷിപ്പിക്കുന്ന ബോർഡുകളും പ്രത്യക്ഷപ്പെട്ടു. തൃക്കാക്കരയിലെ വിജയം പാർടിക്ക് ഉണർവ്വുണ്ടാക്കിയിട്ടുണ്ടെന്നും അതുമായി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.