മനാമ > ഖത്തര് എയര്വേഴ്സ് ബഹിഷ്കരിക്കണമെന്ന ഹിന്ദുത്വ പ്രവര്ത്തകരുടെ ട്വിറ്റര് പ്രചാരണത്തിനിടെ ഇന്ത്യയില് നിന്നുള്ള പ്രത്യേക പരസ്യവുമായി ഖത്തര് എയര്വേഴ്സ്. ‘നാഗ്പൂരില് നിന്ന് പറക്കൂ, ലോകം കാണൂ’ എന്ന ബാനര് പരസ്യമാണ് ഖത്തര് എയര്വേഴ്സ് ഹോം പേജില് പ്രസിദ്ധീകരിച്ചത്.
ബിജെപി നേതാക്കളായ നുപുര് ശര്മ്മ, നവീന് കുമാര് ജിന്ഡാല് എന്നിവരുടെ പ്രവാചക നിന്ദക്കെതിരെ ഇന്ത്യന് സ്ഥാപതിയെ വിളിച്ചുവരുത്തി ശക്തമായാണ് ഖത്തര് പ്രതികരിച്ചത്. ഇതേതുടര്ന്നാണ് ഒരു വിഭാഗം ഖത്തര് എയര്വേഴ്സ് ബഹിഷ്കരണം എന്ന ട്വിറ്റര് പ്രചാരണം തുടങ്ങിയത്. വിഎച്ച്പി ഈ ഇതിന് പിന്തുണ നല്കിയിരുന്നു. ആര്എസ്എസ് ആസ്ഥാനം നാഗ്പൂരിലാണ്.
രണ്ടുവര്ഷത്തിനുശേഷം നാഗ്പൂരിലെ ഡോ. ബാബാസാഹബ് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് ജൂണ് രണ്ടിനാണ് ഖത്തര് എയര്വേഴ്സ് സര്വീസ് പുനരാരംഭിച്ചത്. തങ്ങളുടെ നാലു പ്രതിവാര വിമാനങ്ങളിലേതെങ്കിലും ഒന്നില് നാഗ്പൂരില് നിന്ന് പറന്ന് ലോകം കാണൂ എന്നാണ് പരസ്യം. ഇന്ത്യയില് നിന്നുള്ള നിങ്ങളുടെ അടുത്ത അവധിയില് നീണ്ടു കിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളില് ഖത്തര് എയര്വേഴ്സിലെ ആഡംബര യാത്ര എന്നും ഓര്മ്മിക്കുന്നതായിരിക്കുമന്നും പരസ്യം പറയുന്നു.
ലോകത്തിലെ ഏറ്റവും മികച്ച എയര്ലൈനുമായി നിങ്ങളുടെ അടുത്ത സാഹസിക യാത്ര ആരംഭിക്കുക, പുതിയ എവിടെയെങ്കിലും കണ്ടെത്തുക, നിങ്ങള് എപ്പോഴും സന്ദര്ശിക്കാന് സ്വപ്നം കണ്ട സ്ഥലങ്ങള് സന്ദര്ശിക്കുക, ആജീവനാന്ത ഓര്മ്മകള് സൃഷ്ടിക്കുക… പരസ്യം തുടര്ന്നു. ബഹിഷ്കരണ ആഹ്വാന ഹാഷ്ടാഗ് കാമ്പയിനിലെ അക്ഷര തെറ്റ് ചൂണ്ടിക്കാട്ടി ട്വിറ്ററില് തിരിച്ചു ട്രോളിയിരുന്നു.