കൊച്ചി> പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മാറ്റിയത്. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും എന്നും കോടതി വ്യക്തമാക്കി. കോടതി നിർദേശ പ്രകാരം നാട്ടിലെത്തിയ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരായിരുന്നു .തുടർന്ന് രണ്ട് ദിവസം വിജയ് ബാബുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
കേസ് പൊലീസ് സ്റ്റേഷനിലെത്തിയതോടെ ദുബായിയിലേക്ക് കടന്ന വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്. വെള്ളിയാഴ്ച വരെ വിജയ് ബാബുവിൻ്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. യുവനടിയുടെ പേര് ഫെയ്സ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയ കേസിലും പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ആഴ്ച വിജയ്ബാബു കൊച്ചിയിലെത്തിയത്.
ദുബായിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ സംഭവത്തിൽ നടൻ സൈജു കുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ക്രെഡിറ്റ് കാർഡ് കൈമാറുമ്പോൾ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് സൈജു കുറുപ്പ് മൊഴി നൽകി.
ഏപ്രിൽ 22-നാണ് നടി പരാതി നൽകുന്നത്. തുടർന്ന് ഗോവ വഴിയാണ് വിജയ് ബാബു വിദേശത്തേക്ക് കടക്കുന്നത്.