തിരുവനന്തപുരം
തൃക്കാക്കരയിലെ വൻപരാജയം ചർച്ചചെയ്യാതെ ബിജെപി സംസ്ഥാന നേതൃയോഗം. പാർടിവോട്ടുപോലും ‘പിടിക്കാതെ’ ബിജെപി സ്ഥാനാർഥി തകർന്നടിഞ്ഞ് മൂന്നാംനാൾ ചേർന്ന നേതൃയോഗത്തിൽ നരേന്ദ്രമോദി സർക്കാരിനെ വാഴ്ത്തി ചർച്ച അവസാനിപ്പിച്ചു. മത്സരിച്ച എ എൻ രാധാകൃഷ്ണനും സംഘടനാ സെക്രട്ടറി ബി എൽ സന്തോഷുമടക്കം എഴുപതോളം നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക നേതൃത്വമോ കൃഷ്ണദാസ് പക്ഷമോ തൃക്കാക്കര പ്രതിപാദിച്ചില്ല. വോട്ടുവിൽപ്പന ഇരുകൂട്ടർക്കും അറിയാമെന്നതിനാലാകാം ചർച്ചയ്ക്ക് മടിച്ചത്.
ഇക്കുറി 25,000 –- 30, 000 വോട്ട് നേടുമെന്നാണ് നേതൃത്വം കണക്ക് കൂട്ടിയത്. എന്നാൽ, കെട്ടിവച്ച പണംപോലും ബിജെപിക്ക് കിട്ടിയില്ല. 2016ലെ കണക്കിൽ പതിനായിരത്തോളം വോട്ടാണ് ചോർന്നത്. തുടർച്ചയായ പരാജയങ്ങൾക്ക് കാരണം സുരേന്ദ്രനാണെന്ന് കൃഷ്ണദാസ് പക്ഷം നിരന്തരം പരാതിപ്പെട്ടിരുന്നു. ഇതിന് രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കി സുരേന്ദ്രൻ തിരിച്ച് പണി കൊടുത്തു.
അതേസമയം, രാധാകൃഷ്ണനെ സ്ഥാനാർഥിയാക്കിയതിലും ശത്രുവായ ശോഭ സുരേന്ദ്രനെ പ്രചാരണത്തിന് ഇറക്കിയതിലും കേന്ദ്രമന്ത്രി വി മുരളീധരൻ കടുത്ത പ്രതിഷേധത്തിലാണ്. കെ സുരേന്ദ്രന്റെ പല നടപടികളിലും മുരളീധരൻ അതൃപ്തനാണ്. ഒറ്റക്കെട്ടായിരുന്ന ഇരുവരും അകലുന്നുവെന്നാണ് ബിജെപി ക്യാമ്പുകളിലെ സംസാരം.
ഉക്രയ്നിൽനിന്ന് മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മുരളീധരന് വൻസ്വീകരണമൊരുക്കണമെന്ന് ജില്ലാ നേതൃത്വത്തെ ചട്ടം കെട്ടിയിരുന്നു. എന്നാൽ, ആരുമുണ്ടായില്ല. വിമാനത്താവളത്തിൽവന്ന സുരേന്ദ്രനെ കണ്ട് മുരളീധരൻ എഴുന്നേറ്റുനിന്ന് വണങ്ങി ‘ആക്കി’യതും അകൽച്ചയുടെ സൂചനയാണെന്ന് എതിർപക്ഷത്തുള്ളവർ പറയുന്നു.